LiveTV

Live

National

ആപ്പിന്റെ പേര് മാറ്റി മുസ്‍ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പി നേതാവ്

ആം ആദ്മി പാർട്ടിയുടെ പുതിയ പേര് മുസ്‌ലിം ലീഗ് എന്നായിരിക്കണം. ഉമർ ഖാലിദ്, അഫ്സൽ ഗുരു, ബുർഹാൻ വാനി... തീവ്രവാദികളെ പിതൃതുല്യരായി കരുതുന്ന പാർട്ടി യോഗി ആദിത്യനാഥിനെ ഭയപ്പെടുന്നു

ആപ്പിന്റെ പേര് മാറ്റി മുസ്‍ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പി നേതാവ്

വിവാദ പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തി. ആം ആദ്മി പാർട്ടിയുടെ പേര് മാറ്റി മുസ്‍ലിം ലീഗ് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് കപിൽ മിശ്ര ആവശ്യപ്പെട്ടത്. ഉമർ ഖാലിദ്, അഫ്സൽ ഗുരു, ബുർഹാൻ വാനി എന്നീ തീവ്രവാദികളെ പിതൃതുല്യരായി പരിഗണിക്കുന്ന പാർട്ടിക്ക് യോഗി ആദിത്യനാഥിനെ ഭയമാണെന്നും അതുകൊണ്ട് തന്നെ അവരുടെ പേര് മുസ്‌ലിം ലീഗ് എന്ന് പുനർനാമകരണം ചെയ്യണമെന്നുമാണ് കപില്‍ മിശ്രയുടെ ട്വിറ്റ്.

''ആം ആദ്മി പാർട്ടിയുടെ പുതിയ പേര് മുസ്‌ലിം ലീഗ് എന്നായിരിക്കണം. ഉമർ ഖാലിദ്, അഫ്സൽ ഗുരു, ബുർഹാൻ വാനി... തീവ്രവാദികളെ പിതൃതുല്യരായി കരുതുന്ന പാർട്ടി യോഗി ആദിത്യനാഥിനെ ഭയപ്പെടുന്നു,” കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. വിവാദ പ്രസ്താവനകളുമായി കപില്‍ മിശ്ര വാർത്തയാകുന്നത് ഇതാദ്യമല്ല. ഫെബ്രുവരി എട്ടിന് ഇന്ത്യയും പാകിസ്താനും ഡല്‍ഹിയുടെ തെരുവുകളിൽ പോരാടുമെന്ന് മിശ്ര കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ vs പാകിസ്താൻ മത്സരം' എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് മിശ്രക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഡല്‍ഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശപ്രകാരം മോഡൽ ടൌൺ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 പ്രകാരം മിശ്രക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്.

ശഹീൻ ബാഗ്, ചന്ദ് ബാഗ്, ഇന്ദർലോക് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ചെറു പാകിസ്താനുകള്‍ രൂപപ്പെട്ടു കഴിഞ്ഞതായും മിശ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ശഹീൻ ബാഗ്, ചന്ദ് ബാഗ്, ഇന്ദർലോക് എന്നിവിടങ്ങളിൽ ഇന്ത്യൻ നിയമം പാലിക്കുന്നില്ല. പാകിസ്താൻ കലാപകാരികൾ ‍ഡല്‍ഹിയുടെ തെരുവുകൾ കയ്യടക്കി കഴിഞ്ഞുവെന്നായിരുന്നു ട്വീറ്റ്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രക്ക് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 48 മണിക്കൂർ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി 11 ന് നടക്കും.