LiveTV

Live

National

ശഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരെന്ന് യോഗി

പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ശഹീന്‍ ബാഗ് പ്രധാനവിഷയമാക്കിയാണ് പ്രചാരണം. 

ശഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരെന്ന് യോഗി

ശഹീന്‍ ബാഗ് സമരം പ്രധാനവിഷയമാക്കി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശഹീന്‍ ബാഗുകാര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്ന് യോഗി ആരോപിച്ചു.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ശഹീന്‍ ബാഗ് പ്രധാനവിഷയമാക്കിയാണ് പ്രചാരണം. ശഹീന്‍ ബാഗില്‍ സമരം തുടരുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നവരും ജമ്മു കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരുമാണ്. അവര്‍ക്ക് ബിരിയാണി നല്‍കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ''കെജ്‍രിവാളിന് വികസനമല്ല ശഹീന്‍ ബാഗാണ് ആവശ്യം. വികസനം വേണോ ശഹീന്‍ ബാഗ് വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. വികസനത്തിനല്ല പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കാനാണ് കെജ്‍രിവാള്‍ പണം നിക്ഷേപിക്കുന്നത്.'' - യോഗി പറഞ്ഞു.

10 റാലികളെയാണ് യോഗി ആദിത്യനാഥ് അഭിസംബോധന ചെയ്യുക. ശഹീന്‍ ബാഗിലേക്കും ഓഖ്‍ലയിലേക്കും യോഗി ആദിത്യനാഥിനെ പ്രചാരണത്തിന് കൊണ്ടുവരാനും ബി.ജെ.പി ഒരുങ്ങുന്നുണ്ട്. ശഹീന്‍ ബാഗിനെ വച്ച് ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനിറങ്ങും.