LiveTV

Live

National

ബജറ്റ് 2020: എല്‍.ഐ.സിയും വില്‍പ്പനക്ക്

ഈ സാമ്പത്തിക വര്‍ഷം 2,10,000 കോടിരൂപയാണ് ഓഹരി വില്‍പനയിലൂടെ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബജറ്റ് 2020: എല്‍.ഐ.സിയും വില്‍പ്പനക്ക്

കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കും. കേന്ദ്ര ബജറ്റിലൂടെ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും എല്‍.ഐ.സിയുടെ ഓഹരി വില്‍പ്പന.

ആദായ നികുതി കുറച്ചു, പക്ഷേ കുറച്ചില്ല
Also Read

ആദായ നികുതി കുറച്ചു, പക്ഷേ കുറച്ചില്ല

പ്രാഥമിക ഓഹരി വില്‍പന(ഐ.പി.ഒ) വഴി എല്‍.ഐ.സിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ നീക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഐ.ഡി.ബി.ഐ ബാങ്കിലെ ബാക്കിയുള്ള ഓഹരി പങ്കാളിത്തവും വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടിരൂപയാണ് ഓഹരി വില്‍പനയിലൂടെ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടിയായിരുന്നു സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയിലൂടെ സമാഹരിക്കാന്‍ കേന്ദ്രം ശ്രമിച്ചത്. എന്നാല്‍ 18,094.59 കോടി രൂപ മാത്രമാണ് കേന്ദ്രത്തിന് വിറ്റഴിക്കല്‍ നയത്തിലൂടെ സമാഹരിക്കാനായത്.

എല്‍.ഐ.സി ഓഹരി വില്‍പനക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് എല്‍.ഐ.സി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

31.11 ലക്ഷം കോടിയിലേറെ ആസ്തിയുള്ള സ്ഥാപനമാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. 1956ല്‍ 245ലേറെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂടിച്ചേര്‍ന്നായിരുന്നു എല്‍.ഐ.സി സ്ഥാപിച്ചത്. 2018ലെ കണക്കനുസരിച്ച് 24510 വനിതകള്‍ അടക്കം 1,11,979 പേര്‍ എല്‍.ഐ.സിയില്‍ ജീവനക്കാരാണ്. 11.48 ലക്ഷമാണ് രാജ്യത്ത് ആകെയുള്ള എല്‍.ഐ.സി ഏജന്റുമാരുടെ എണ്ണം.

കാലാകാലങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ കറവപശുവായ എല്‍.ഐ.സിയെയാണ് ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കടം കയറി മുടിയുമ്പോഴും ഏറ്റെടുക്കേണ്ടി വരുമ്പോഴുമെല്ലാം പലപ്പോഴും രക്ഷക്കെത്താറ് എല്‍.ഐ.സിയായിരുന്നു. ഒ.എന്‍.ജി.സി ഓഹരികള്‍ വാങ്ങിയതും IDBI ബാങ്കിനെ കടക്കെണിയില്‍ നിന്നും രക്ഷിച്ചതുമെല്ലാം എല്‍.ഐ.സിയായിരുന്നു.

ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകന്‍ കൂടിയാണ് എല്‍.ഐ.സി. പ്രതിവര്‍ഷം 55000 കോടി മുതല്‍ 65000 കോടി രൂപ വരെയാണ് എല്‍.ഐ.സി വിവിധ ഓഹരികളില്‍ നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ ബോണ്ടുകളിലും കടപത്രങ്ങളിലം 4.34 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ എല്‍.ഐ.സിയുടെ നിക്ഷേപം 2018 മാര്‍ച്ചിലെ അനുസരിച്ച് 3.76 ലക്ഷം കോടി വരും. 2017-22ലെ പഞ്ചവത്സര പദ്ധതിയില്‍ 28.01 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപം.

എല്‍.ഐ.സി ഓഹരി വില്‍പനക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് എല്‍.ഐ.സി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഐ.ആര്‍.ഡി.എക്ക് കീഴിലാണെങ്കിലും 1956ലെ എല്‍.ഐ.സി നിയമപ്രകാരമാണ് എല്‍.ഐ.സിയുടെ പ്രവര്‍ത്തനം. എല്‍.ഐ.സി പോളിസികളിലെ സാമ്പത്തിക ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് പോളിസി ഉടമകള്‍ക്ക് ഉറപ്പു നല്‍കുന്നതാണ് ഈ നിയമത്തിലെ 37ആം വകുപ്പ്.