LiveTV

Live

National

ബജറ്റിനു പിന്നാലെ തകർന്ന് വിപണി; സെൻസെക്‌സും നിഫ്റ്റിയും താഴോട്ട്

പുതിയ ആദായനികുതിനയം ബാങ്ക്, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ്, മെഡിക്ലെയിം, യുലിപ്, മ്യൂച്ചൽ ഫണ്ട്, ചെറുകിട സേവിങ്‌സ് എന്നിവയെ വിപരീതമായി ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

ബജറ്റിനു പിന്നാലെ തകർന്ന് വിപണി; സെൻസെക്‌സും നിഫ്റ്റിയും താഴോട്ട്

രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരണത്തിനു പിന്നാലെ വിപണിയിൽ വൻ തകർച്ച. സെൻസെക്‌സ് 708 പോയിന്റ് താഴേക്ക് പതിച്ചപ്പോൾ നിഫ്റ്റിയിൽ 50 സൂചിക ഇടിവുണ്ടായി. ബജറ്റിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് വാണിജ്യരംഗത്തുനിന്ന് പൊതുവെയുള്ള വിലയിരുത്തൽ.

സ്വതവേ മന്ദഗതി നേരിടുന്ന ഓഹരിവിപണിക്ക് കരുത്തു പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. സെൻസക്‌സ് ഇന്നത്തെ ഏറ്റവും മോശം നിലയായ 40,105 പോയിന്റിലേക്ക് പതിച്ചു. നിഫ്റ്റി ആരോഗ്യകരമെന്ന് വിശ്വസിക്കപ്പെടുന്ന 11,750-ൽ നിന്നും താഴോട്ടുപോയി 11741 ൽ തൊട്ടു.

ആദായനികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനം വിപണിക്ക് കരുത്തുപകരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ ആദായനികുതിനയം ബാങ്ക്, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ്, മെഡിക്ലെയിം, യുലിപ്, മ്യൂച്ചൽ ഫണ്ട്, ചെറുകിട സേവിങ്‌സ് എന്നിവയെ വിപരീതമായി ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

ലാർസൻ ആന്റ് ടർബോ, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്‌സ്, സീ എന്റർടെയ്ൻമെന്റ് എന്നിവക്കാണ് നിഫ്റ്റിയിൽ കാര്യമായ തകർച്ച നേരിട്ടത്. മൂന്ന് ശതമാനത്തിലേറെ തകർച്ച ഇവയെല്ലാം നേരിട്ടു. അതേസമയം, ഹിന്ദുസ്ഥാൻ യൂണിലീവർ, ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, സിപ്ല എന്നിവ നേരിയ നേട്ടമുണ്ടാക്കി. 1.45% പുരോഗതി കൈവരിച്ച ലാർസൻ ആന്റ് ടർബോയുടെ പ്രകടനമാണ് തമ്മിൽ ഭേദം.