LiveTV

Live

National

വിദ്യാർത്ഥി സമരം വിജയം; വിവാദ ഉത്തരവ് പിൻവലിച്ച് ഇഫ്ലു സർവകലാശാല

 വിദ്യാർത്ഥി സമരം വിജയം; വിവാദ ഉത്തരവ് പിൻവലിച്ച് ഇഫ്ലു സർവകലാശാല

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സര്‍വകലാശാല അധികൃതരുടെ വിവാദ ഉത്തരവിനെതിരായ വിദ്യാർത്ഥി സമരം വിജയം കണ്ടു. അധികാരികളുടെ വിദ്യാർത്ഥി വിരുദ്ധവും ഏകപക്ഷീയവുമായ നിയമങ്ങളടങ്ങിയ ഉത്തരവിനെതിരെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം രാപകൽ സമരമായിരുന്നു. സർവകലാശാല പ്രവേശന നടപടിക്രമങ്ങളും മൂല്യനിർണയ പ്രക്രിയകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ജെ.ആർ.എഫ് അർഹരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷകൾക്ക് ഇളവ് നൽകിയിരുന്നു. അത് ഇതര വിദ്യാർഥികളുടെ പ്രവേശന സാധ്യത ദുഷ്കരമാകും. കൂടാതെ യു.ജി/പി.ജി വിദ്യാർത്ഥികൾക്ക് പുതിയ മൂല്യനിർണയ സംവിധാനമായ 'ബെൽ കർവ് '(bell curve) സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഇതാവട്ടെ വിദ്യാർഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യും. അതോടൊപ്പം എം.എ കോഴ്സുകളിലേക്കുള്ള പ്രവേശന രജിസ്ട്രേഷൻ മുപ്പത് സീറ്റുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വിദ്യാർഥികളുടെ താൽപര്യാനുസരണം കോഴ്സുകൾ തെരഞ്ഞെടുക്കാൻ ഉള്ള അവകാശം നിഷേധിക്കുന്നതായിരുന്നു. നേരത്തെ ഇത് അറുപതിന് മുകളിൽ ആയിരുന്നു.

 വിദ്യാർത്ഥി സമരം വിജയം; വിവാദ ഉത്തരവ് പിൻവലിച്ച് ഇഫ്ലു സർവകലാശാല

ക്ലാസുകൾ ബഹിഷ്കരിച്ചും സർവകലാശാലയുടെ പ്രധാന കവാടം ഉപരോധിച്ചും വിദ്യാർത്ഥികൾ സമരമുഖത്ത് ഉറച്ച് നിന്നതോടെ വിവാദ ഉത്തരവ് പിൻവലിക്കാൻ അധികാരികൾ നിർബന്ധിതരാവുകയായിരുന്നു. നേരത്തെ സമരം തണുപ്പിക്കാൻ എന്ന മട്ടിൽ താൽക്കാലിക സ്റ്റേയുമായി അധികാരികൾ രംഗത്ത് വന്നിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഉത്തരവ് പൂർണ്ണമായും പിൻവലിക്കുക എന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ച് നിന്നതോടെ സമരം വീണ്ടും തുടരുകയായിരുന്നു. ചട്ടങ്ങൾ ലംഘിച്ച് പുറത്തിറക്കിയ ഉത്തരവിന് നിയമ സാധുത ഇല്ലായിരുന്നു. സർവകലാശാല അധികാരികളുമായി വിദ്യാർത്ഥി യൂണിയൻ ചർച്ച ചെയ്യുകയും അധ്യാപക അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിക്കുക കൂടി ചെയ്തതോടെ ഇന്നലെ വൈസ് ചാൻസലർ ആദ്യ ഉത്തരവ് പിൻവലിക്കുകയായിരുന്നു.