LiveTV

Live

National

ബജറ്റ് 2020: പ്രതികരണങ്ങള്‍

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബജറ്റിനെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ രാഹുല്‍ഗാന്ധി, യെച്ചൂരി, മമത, കെജ്രിവാള്‍ തുടങ്ങിയവര്‍ ശക്തമായ വിമര്‍ശനങ്ങളാണ് ബജറ്റിനെതിരെ നടത്തിയിരിക്കുന്നത്...

ബജറ്റ് 2020: പ്രതികരണങ്ങള്‍

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. രണ്ട് മണിക്കൂര്‍ 40 മിനുറ്റ് എടുത്ത് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ദീര്‍ഘവീക്ഷണമുള്ള ബജറ്റെന്ന് പ്രധാനമന്ത്രി

''പുതിയ ദശാബ്ദത്തിലെ ആദ്യ ബജറ്റ് തന്നെ ദീര്‍ഘവീക്ഷണത്തോടെ അവതരിപ്പിച്ച ധനകാര്യമന്ത്രിയേയും സംഘത്തേയും അഭിനന്ദിക്കുന്നു. കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരങ്ങള്‍, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍. ഈ നാല് മേഖലക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും''

പ്രധാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

'രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്മയെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. യുവതലമുറക്ക് കൂടുതല്‍ തൊഴില്‍ നേടാന്‍ സഹായിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ കാണാനായില്ല. അങ്ങുമിങ്ങും ചിതറി ചില കാര്യങ്ങള്‍ പറഞ്ഞുപോകുന്നുണ്ട്. എന്നാല്‍ തൊഴിലില്ലായ്മയെ നേരിടാനുള്ള കൃത്യമായ പദ്ധതികളൊന്നുമില്ല'

നികുതി സമ്പ്രദായം പരിഷ്‌കരിച്ചു, അമിത് ഷാ

'ഈ ബജറ്റിലൂടെ നികുതി സമ്പ്രദായം മോദി സര്‍ക്കാര്‍ പരിഷ്‌കരിച്ചിരിക്കുകയാണ്. ഇത് അടിസ്ഥാന സൗകര്യ, ബാങ്കിംങ് മേഖലകളില്‍ ഉണര്‍വുണ്ടാക്കും. കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കും. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ(3,57,49,500 കോടി രൂപ) സമ്പദ് വ്യവസ്ഥയാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ ബജറ്റ്. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണം നല്‍കുന്നതാണ് ബജറ്റ്'

പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളില്ല, യെച്ചൂരി

'ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. അംഗങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് പോകാന്‍ വേണ്ടി ബജറ്റ് പ്രസംഗം നിര്‍ത്തേണ്ടി വന്ന ആദ്യ ധനകാര്യമന്ത്രിയും നിര്‍മ്മല സീതാരാമനാകും. സര്‍ക്കാരിന്റെ വരവ് ചിലവ് കണക്കുകള്‍ അപ്പോഴും അവര്‍ പറഞ്ഞിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യാനോ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മറികടക്കാനോ ഉള്ള ശ്രമങ്ങള്‍ ബജറ്റിലില്ല'

ഭാവനാശൂന്യം, മുന്‍ ധനമന്ത്രി ചിദംബരം

'എന്ത് സന്ദേശമാണ് ഈ ബജറ്റ് നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടു. സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുന്ന നടപടികളൊന്നും ബജറ്റിലില്ല. ബി.ജെ.പി എം.പി മാര്‍ക്ക് പോലും ബജറ്റിലെ ഏത് വിഷയങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് ധാരണയുണ്ടാകില്ല'

പൊതുമേഖലയെ തകര്‍ത്തു, മമത ബാനര്‍ജി

'പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുകളയുന്ന കേന്ദ്ര സര്‍ക്കാര്‍ നയം കണ്ട് ഞെട്ടിയിരിക്കുകയാണ്. സുരക്ഷയെന്ന ചിന്ത പോലും ഇല്ലാതാവുകയാണ്. ഒരു യുഗത്തിന്റെ അന്ത്യമാണിത്'

ഡല്‍ഹിയോട് ചിറ്റമ്മ നയം- കേജ്രിവാള്‍

'കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷകളായിരുന്നു ഡല്‍ഹിക്കുണ്ടായിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയോടുള്ള ചിറ്റമ്മ നയം തുടരുകയാണ്. ബി.ജെ.പിയുടെ പരിഗണനയില്‍ ഡല്‍ഹിയില്ലെങ്കില്‍ പിന്നെങ്ങനെ ഡല്‍ഹി നിവാസികള്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യും?'