LiveTV

Live

National

‘ഞാന്‍ തീവ്രവാദിയാണെങ്കില്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തോളൂ’... വികാരാധീനനായി കെജ്‍രിവാള്‍

അരവിന്ദ് കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ മറുപടി. 

‘ഞാന്‍ തീവ്രവാദിയാണെങ്കില്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തോളൂ’... വികാരാധീനനായി കെജ്‍രിവാള്‍

“ഫെബ്രുവരി എട്ടിന് വോട്ടുചെയ്യാൻ പോകുമ്പോൾ, നിങ്ങൾ എന്നെ നിങ്ങളുടെ മകനായി കരുതുന്നുവെങ്കിൽ, ചൂല് (എ.എ.പിയുടെ ചിഹ്നം) അമർത്തുക, നിങ്ങൾ എന്നെ തീവ്രവാദിയാണെന്ന് കരുതുന്നുവെങ്കിൽ, താമര അമർത്തുക (ബി.ജെ.പിയുടെ ചിഹ്നം).” ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് അടക്കുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജ്യ തലസ്ഥാനത്തെ തന്റെ സ്വന്തം ജനങ്ങളോട് പറഞ്ഞതാണിത്. അരവിന്ദ് കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ മറുപടി.

“കെജ്‌രിവാളിനെപ്പോലുള്ള നിരവധി ചതിയന്‍മാരും കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികളും ഡല്‍ഹിയിൽ ഒളിഞ്ഞിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദികൾക്കെതിരെയാണോ ഡല്‍ഹിയിലെ കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികൾക്കെതിരെയാണോ പോരാടേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല.” - എന്നായിരുന്നു പര്‍വേഷിന്റെ അധിക്ഷേപം. ഇതോടെ #DelhiKaBetaKejriwal എന്ന ഹാഷ്‌ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി തുടങ്ങി. ഇതിന് പിന്നാലെയാണ് കെജ്‍രിവാള്‍ വികാരാധീനനായി സംസാരിച്ചത്.

“ഇന്നലെ എനിക്ക് വല്ലാത്ത വേദന തോന്നി. എന്റെ വേദന നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു… ബി.ജെ.പി നേതാക്കൾ എന്നെ തീവ്രവാദി എന്നാണ് വിളിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഞാൻ ഡല്‍ഹിയിലെ ഓരോ കുട്ടിയെയും എന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതും പരിഗണിച്ചതും. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്തു. എന്നിട്ട് ബി.ജെ.പി എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. ആരെങ്കിലും രോഗബാധിതനാകുമ്പോൾ, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഞാൻ നടത്തി. വാര്‍ദ്ധക്യത്തിലുള്ളവര്‍ക്ക് തീർത്ഥാടനത്തിന് വഴിയൊരുക്കി. അതൊരു കുറ്റമാണോ? അതാണോ എന്നെ തീവ്രവാദിയാക്കുന്നത്? സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ചപ്പോള്‍ ഞാൻ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നിട്ടും അവർ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു,” കെജ്‌രിവാൾ പറഞ്ഞു.