LiveTV

Live

National

ജാമിഅ അക്രമിയെ 14 ദിവസത്തേക്ക് ‌ജുവനൈല്‍ ഹോമിലേക്ക് അയച്ചു; വയസ് തിരിച്ചറിയാനായി അസ്ഥി പരിശോധന

രേഖകളില്‍ പ്രായം സംബന്ധിച്ച് വൈരുധ്യമുള്ളതിനാലാണ് പൊലീസ് അസ്ഥിപരിശോധന ആവശ്യപ്പെട്ടത്

ജാമിഅ അക്രമിയെ 14 ദിവസത്തേക്ക് ‌ജുവനൈല്‍ ഹോമിലേക്ക് അയച്ചു; വയസ് തിരിച്ചറിയാനായി അസ്ഥി പരിശോധന

ഡല്‍ഹി ജാമിഅയില്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേരെ വെടിവെച്ച പ്രതി രാംഭക്ത് ഗോപാലിനെ ‌14 ദിവസത്തേക്ക് ‌ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ ജുവനൈല്‍ ‌ജസ്റ്റിസ് ബോര്‍ഡാണ് ഉത്തരവിറക്കിയത്. പ്രതിയുടെ പ്രായം സംബന്ധിച്ച് കോടതി വ്യക്തത വരുത്തണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തി.

പ്രതി രാംഭക്ത് ഗോപാലിനെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഡല്‍ഹി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോഡിന് മുന്പില്‍ ഹാജരാക്കിയത്. ‌പ്രതി രാംഭക്ത് ഗോപാലിനെ 14 ദിവസത്തേക്ക് ജുവനൈല്‍ ഹോമിലേക്കയച്ചു. പ്രതിയുടെ പ്രായം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഡല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. പ്രതിയുടെ ആധാര്‍ കാര്‍ഡില്‍ പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും സ്കൂൾ സര്‍ട്ടിഫിക്കറ്റില്‍ പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ പ്രായം തിരിച്ചറിയാന്‍ അസ്ഥി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയെയും സമീപിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുപിക്കാരനായ പ്രതി 10000 രൂപക്ക് വാങ്ങിയ തോക്കാണ് ഉപയോഗിച്ചിരുന്നത്.

വിഷയത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ആരാണ് പ്രതിക്ക് കൃത്യം നടത്താനാവശ്യമായ പണം നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് ‌കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ് എയിംസില്‍ ചികിത്സയിലായിരുന്ന ജാമിഅ വിദ്യാര്‍ഥി ഷാദാബ് ഫാറൂഖ് ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ‌ആശുപത്രി വിട്ടു.