LiveTV

Live

National

‘അയാളുടെ ഒരു കൈയ്യകലത്തിലായിരുന്നു ഞാന്‍’; ജാമിഅ വെടിവെപ്പിന് ദൃക്സാക്ഷിയായ മീഡിയവണ്‍ കാമറമാന്‍ പറയുന്നു

കുറച്ചകലെയായി മാർച്ച് തടയുന്നതിനായി ഡൽഹി പൊലീസും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. പെട്ടെന്നാണ് മാർച്ചിനിടയിലേക്ക് തോക്കു ചൂണ്ടി ഒരു ചെറുപ്പക്കാരൻ ഓടി വന്നത് .

‘അയാളുടെ ഒരു കൈയ്യകലത്തിലായിരുന്നു ഞാന്‍’; ജാമിഅ വെടിവെപ്പിന് ദൃക്സാക്ഷിയായ മീഡിയവണ്‍ കാമറമാന്‍ പറയുന്നു

രാഷ്ട്രപിതാവിനെ വെടിവച്ചു കൊന്ന ദിവസം തന്നെ മതവെറിപൂണ്ട മറ്റൊരു ഗോഡ്സയെ കണ്ട നടുക്കത്തിലായിരുന്നു ഞാൻ. ജാമിഅ വിദ്യാർഥികളുടെ രാജ്ഘട്ട് മാർച്ച് റിപ്പോർട്ടിങ്ങിനായി പോയതായിരുന്നു ഞാനും റിപ്പോർട്ടർ പി.പി ജസീമും. 12 മണിക്ക് ആരംഭിച്ച മാർച്ച് വളരെ സമാധാനപരമായിട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചകലെയായി മാർച്ച് തടയുന്നതിനായി ഡൽഹി പൊലീസും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

പെട്ടെന്നാണ് മാർച്ചിനിടയിലേക്ക് തോക്കു ചൂണ്ടി ഒരു ചെറുപ്പക്കാരൻ ഓടി വന്നത് . "നിങ്ങൾക്ക് സ്വാതന്ത്രമല്ലേ വേണ്ടത് ഇതാ നിങ്ങളുടെ സ്വാതന്ത്രം " എന്ന് ആക്രോശിച്ച് അയാൾ വിദ്യാർഥികൾക്കു നേരെ തോക്കു ചൂണ്ടി. നാലുപാടും തോക്ക് വീശി കൊണ്ടിരുന്ന അയാളുടെ ഒരു കൈയ്യകലത്തിലാണ് ഞാൻ കാമറയുമായി നിന്നിരുന്നത്. എന്റെ നേരെയും ഇയാൾ തോക്കു ചൂണ്ടി. ദൃശ്യങ്ങൾ എടുക്കുക എന്നതിനപ്പുറത്തേക്ക് ഞാൻ മറ്റൊന്നും ആലോചിച്ചിരുന്നില്ല. പെട്ടെന്നാണ് അയാൾ മുന്നിൽ നിന്ന ഒരു വിദ്യാർഥിക്കു നേരെ നിറയൊഴിച്ചത് . അതുവരെ നോക്കുകുത്തികളെ പോലെ നിന്ന ഡൽഹി പൊലീസ് ഇയാളെ കീഴ്പ്പെടുത്തി കൊണ്ടുപോയി.

വൻ പൊലീസ് സന്നാഹമുണ്ടായിട്ടും ഡൽഹി പോലെയൊരു സ്ഥലത്ത് തോക്കുമായി വന്ന് ഒരു അക്രമിക്ക് ഇത്തരത്തിൽ ചെയ്യാൻ പറ്റുക എന്നത് പൊലീസിന്റെ ഗുരുതരമായ വീഴ്ച്ച തന്നെയാണ്. കൂടെ ഞങ്ങളെ പോലെയുള്ള പത്രപ്രവർത്തകരുടെ സുരക്ഷതത്വമില്ലായ്മയും... രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആ അക്രമിയുടെ ആക്രോശങ്ങളും വെടിയൊച്ചയുമാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്...