LiveTV

Live

National

'ജാമിയ സമരക്കാര്‍ വെടിയുതിര്‍ത്തു’; റിപ്പബ്ലിക് ടിവി വിഷമാണെന്ന് രാജ്ദീപ് സര്‍ദേശായി

ചാനലിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് എങ്കിലും സസ്‌പെന്റ് ചെയ്യാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളമാണെന്നും രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു

'ജാമിയ സമരക്കാര്‍ വെടിയുതിര്‍ത്തു’; റിപ്പബ്ലിക് ടിവി വിഷമാണെന്ന് രാജ്ദീപ് സര്‍ദേശായി

ജാമിയ മില്ലിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായപ്പോള്‍ വ്യാജ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. റിപ്പബ്ലിക് ടിവി തനി വിഷമാണെന്നും ചാനലിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് എങ്കിലും സസ്‌പെന്റ് ചെയ്യാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളമാണെന്നും രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.

'ജാമിയ സമരക്കാര്‍ വെടിയുതിര്‍ത്തു’ എന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വ്യാജ ബ്രേക്കിങ് ന്യൂസ്. വെടിവെച്ചയാളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ മുന്നില്‍ വെടിയുതിര്‍ത്തയാള്‍ തീവ്രഹിന്ദുത്വ ആശയക്കാരനായ രാംഭക്ത് ഗോപാല്‍ എന്നയാളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് രാംഭക്ത് ഗോപാല്‍ എന്ന അക്രമി ഭീഷണി മുഴക്കിയത്. സംഭവ സ്ഥലത്ത് നിന്നുള്ള നാല് തത്സയ വീഡിയോയ്ക്ക് പുറമെ 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു' എന്ന് അക്രമി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ മുമ്പ് പങ്കുവെച്ച കുറിപ്പില്‍ 'എന്‍റെ അവസാന യാത്രയില്‍ എന്നെ കാവി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ജയ്ശ്രാം ചൊല്ലുക' എന്നാണ് രാംഭക്ത് ഗോപാല്‍ കുറിച്ചിരിക്കുന്നത്. ആരാണ് ആസാദി ആഗ്രഹിക്കുന്നതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമി ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നെരെ വെടിയുതിര്‍ത്തത്.

വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി രാംഭക്ത് മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരും പോലീസും നോക്കി നില്‍ക്കെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാംഭക്ത് ഗോപാല്‍ വെടിയുതിര്‍ത്തത്.