‘അര്‍ണബിനെതിരായ വീഡിയോയില്‍ കുനാലിന് യാത്രാവിലക്ക്’; റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ ആര്.ജെ.ഡി നേതാവിനെ വിമാനത്തില്‍ ‘ചോദ്യം ചെയ്യുന്ന’ പഴയ വീഡിയോ വൈറല്‍

അര്‍ണബിനെതിരായ കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരിഹാസ വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ ആർ.ജെ.ഡി നേതാവിനെ വിമാനത്തില്‍ ‘ചോദ്യം ചെയ്യുന്ന’ പഴയ വീഡിയോ വീണ്ടും വൈറല്‍. അര്‍ണബിനെതിരായ കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരിഹാസ വീഡിയോ പുറത്തുവന്ന് കുനാലിനെ വിലക്കി എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും രംഗത്തുവന്നതിന് പിന്നാലെയാണ് റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ എല്ലാ വിലക്കുകളെയും ലംഘിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ ‘ചോദ്യം ചെയ്യുന്ന’ പഴയ വീഡിയോ വീണ്ടും വൈറലായത്.
വിമാനത്തിനകത്ത് വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടറോട് സഹകരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞ തേജസ്വി യാദവിനോട് രണ്ട് മിനുറ്റിലെ മാത്രം കാര്യമാണെന്നും മറുപടി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ ദീപ്തി സച്ച്ദേവയോട് തിരികെ സീറ്റില്‍ പ്രവേശിക്കാന്‍ ഫ്ലൈറ്റ് മൈക്കില്‍ എയര്‍ ഹോസ്റ്റസുമാര്‍ രംഗത്തുവരുന്നതും കൃത്യമായി തന്നെ വീഡിയോയില്‍ വ്യക്തമാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനോടാണ് റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ അനുചിതമല്ലാത്ത രീതിയില്‍ ചോദ്യം ചോദിച്ച് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇന്നലെ കുനാലിനെ വിമാനസഞ്ചാരത്തില് നിന്നും വിലക്കിയ ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും അതെ നടപടി എന്ത് കൊണ്ട് റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ക്ക് ബാധകമല്ലെന്ന് ചോദിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വീഡിയോ വൈറലായത്. നിരവധി പേരാണ് ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും നടപടിയെ ചോദ്യം ചെയ്ത് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.
റിപബ്ലിക്ക് ടി.വി അവതാരകന് അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര ഇന്നലെയാണ് രംഗത്തുവന്നത്. അര്‍ണബിനെ അദ്ദേഹത്തിന്റെ അതേ മാധ്യമ പ്രവര്‍ത്തനരീതിയിലാണ് കുനാല്‍ കമ്ര വിമാനത്തില്‍ നേരിട്ടത്.
താന്‍ അര്‍ണബിനെ പരിഹസിച്ച് വീഡിയോ പ്രസിദ്ധീകരിച്ചത് അവര്‍ക്ക് അവരുടെ രീതിയില്‍ മറുപടി പറയാനാണെന്ന് കുനാല്‍ കമ്ര വ്യക്തമാക്കിയിരുന്നു. താന്‍ വീഡിയോ ചെയ്ത അതേ രീതിയിലാണ് അര്‍ണബിന്റെ റിപബ്ലിക്ക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യ/പൊതു ഇടങ്ങളിലെ ജനങ്ങളെ നേരിടാറെന്നും അത് കാണിച്ചു കൊടുക്കാനാണ് ഇങ്ങനെ തന്നെ ഒരു വീഡിയോ ചിത്രീകരിച്ചതെന്നും കുനാല്‍ വ്യക്തമാക്കി.
കുനാല്‍ കമ്രയുടെ ഒരു ചോദ്യങ്ങളോടും പ്രതികരിക്കാതെ നിന്ന അര്‍ണബ് ഗോസ്വാമി ലാപ്പ്ടോപ്പിന് മുന്നില്‍ ഇയര്‍ഫോണ്‍ ധരിച്ച് ഇരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘നാഷന് വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ ട്രോളാന്‍ ആരംഭിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കിലും മനുഷ്യപറ്റ് ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. രണ്ടര മില്യണ്‍ ആളുകളാണ് ഇതിനോടകം കുനാലിന്റെ വീഡിയോ ട്വിറ്ററിലൂടെ കണ്ടത്.