LiveTV

Live

National

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍

റിപബ്ലിക്ക് ടി.വി അവതാരകനും ഉടമയുമായ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര. അര്‍ണബിന്റെ റിപബ്ലിക്ക് ടി.വിയിലെ അവതരണ ശൈലിയെ പരിഹസിച്ച് അതെ രീതിയില്‍ തിരിച്ച് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാണ് കെമേഡിയന്‍ കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തിനകത്ത് നേരിട്ടത്. കുനാല്‍ കമ്രയുടെ ഒരു ചോദ്യങ്ങളോടും പ്രതികരിക്കാതെ നിന്ന അര്‍ണബ് ഗോസ്വാമി ലാപ്പ്ടോപ്പിന് മുന്നില്‍ ഇയര്‍ഫോണ്‍ ധരിച്ച് ഇരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തന്നെ അര്‍ണബ് മാനസിക പ്രശ്നങ്ങളുള്ള വ്യക്തി എന്ന് വിളിച്ചതായും കുനാല്‍ കമ്ര വ്യക്തമാക്കി.

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ ട്രോളാന്‍ ആരംഭിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യപറ്റ് ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. താന്‍ അര്‍ണബിനെ ഇത് പോലെ ഒരു പൊതുവായ സ്ഥലത്ത് വെച്ച് ചോദ്യം ചെയ്തത് ഇതേ രീതിയിലാണ് അര്‍ണബിന്റെ റിപബ്ലിക്ക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യ/പൊതു ഇടങ്ങളിലെ ജനങ്ങളെ നേരിടാറെന്ന് കാണിക്കാനാണെന്നും കുനാല്‍ വ്യക്തമാക്കി. ഇന്‍ഡിഗോ വിമാനത്തിലെ അര്‍ണബ് ഒഴിച്ചുള്ള ബാക്കിയെല്ലാവരോടും താന്‍ ക്ഷമ ചോദിക്കുന്നതായും കുനാല്‍ കമ്ര വീഡിയോ പോസ്റ്റ് ചെയതതിന് ശേഷം അറിയിച്ചു.

അതെ സമയം കുനാല്‍ കമ്രയുടെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. കുനാലിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയതോടെ വിശദീകരണവും പ്രസിദ്ധീകരിക്കുകയുണ്ടായി.