LiveTV

Live

National

യു.പിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാഹുലും പ്രിയങ്കയും പരാതി നല്‍കി

ഉത്തര്‍ പ്രദേശിൽ ബറേലി, കാൺപൂ‍ര്‍, മീററ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പോലീസ് വെടിവെയ്പ്പിൽ മുപ്പതോളം പേ‍ര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍

യു.പിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാഹുലും  പ്രിയങ്കയും പരാതി നല്‍കി

ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് കോൺഗ്രസ്‌. ഇക്കാര്യം ചൂണ്ടികാട്ടി കോൺഗ്രസ് നേതാക്കളുടെ സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. നിരവധി പോലീസുകാർ നിരപരാധികൾക്ക് നേരെ അതിക്രമം അഴിച്ചു വിട്ടെങ്കിലും ആർക്കുമെതിരെ കേസ് എടുത്തില്ലെന്ന് നേതാക്കൾ ആരോപിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളാണ് മനുഷ്യാവകാശ കമ്മിഷനെ കണ്ടത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളെ ക്രൂരമായാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇരകളെയാണ് പ്രതികളാക്കിയത്. ഉത്തർ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഇക്കാര്യങ്ങൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച്.എൽ ദത്തുവിനെ എത്തിയത്.

പോലീസ് നിരപരാധികളെ ആക്രമിച്ചു, വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. അതിക്രമങ്ങളുടെ ദൃശ്യങ്ങളും ഫോട്ടോകളും നേതാക്കൾ കമ്മീഷന് കൈമാറി. പോലീസിനൊപ്പം ചേർന്ന് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കൾ സമരക്കാരെ ആക്രമിച്ചുവെന്നും നേതാക്കൾ ആരോപിച്ചു. പോലീസ് അതിക്രമങ്ങളിൽ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ വൻ പ്രതിഷേധം നടക്കുന്ന ഉത്തർ പ്രദേശിൽ ജനങ്ങള്‍ക്ക് നേരെ ക്രൂരമായാണ് പോലീസും സംഘ്‍പരിവാര്‍ സംഘടനകളും പെരുമാറുന്നതെന്ന് ആരോപണമുണ്ട്. ഉത്തര്‍ പ്രദേശിൽ ബറേലി, കാൺപൂ‍ര്‍, മീററ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പോലീസ് വെടിവെയ്പ്പിൽ മുപ്പതോളം പേ‍ര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍. പൗരത്വ വിഷയത്തിൽ വൻ പ്രതിഷേധം നടക്കുന്ന സംസ്ഥാനത്ത് മുസ്‍ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് ആക്രമണം അഴിച്ചു വിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാൽ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമ‍ര്‍ത്തുമെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിലപാട്.