LiveTV

Live

National

വധഭീഷണിക്ക് പിന്നില്‍ സംഘ്പരിവാര്‍, നാസികളും ആര്‍.എസ്.എസും തമ്മില്‍ വ്യത്യാസമില്ല; എച്ച്.ഡി കുമാരസ്വാമി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 15 പേര്‍ക്കാണ് വധഭീഷണി ലഭിച്ചത്

വധഭീഷണിക്ക് പിന്നില്‍ സംഘ്പരിവാര്‍, നാസികളും ആര്‍.എസ്.എസും തമ്മില്‍ വ്യത്യാസമില്ല; എച്ച്.ഡി കുമാരസ്വാമി

താനുള്‍പ്പെടെ 15 പേര്‍ക്കു ലഭിച്ച വധഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ജനതാ ദള്‍ (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഇത്തരം വധഭീഷണികള്‍ കൊണ്ടൊന്നും താന്‍ നിശബ്ദനായിരിക്കില്ലെന്ന് കുമാരസ്വാമി പ്രതികരിച്ചു. കത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാം. നാസികളും ആര്‍.എസ്.എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരെങ്കിലും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ ചാരമായി തീരും, കുമാരസ്വാമി പറഞ്ഞു. സംഘ്‍പരിവാര്‍‍ സംഘടനകള്‍ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാല്‍ അവര്‍ക്കിടയിലും‍ തീവ്രവാദികളുണ്ട്. വളരെ കരുതലോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 15 പേര്‍ക്കാണ് വധഭീഷണി ലഭിച്ചത്. 15 പേരെയും ജനുവരി 29 ന് വധിക്കുമെന്നാണ് ഭീഷണി. ഇവരെല്ലാം രാജ്യദ്രോഹികളാണെന്നും കത്തില്‍ പറയുന്നു.

നിജഗുണാനന്ദ സ്വാമി, മുന്‍ ബജ്റംഗ്ദള്‍ നേതാവ് മഹേന്ദ്ര കുമാര്‍, നടന്‍ ചേതന്‍ കുമാര്‍, ബിടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫസര്‍ ഭഗവാന്‍, മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് ദിനേഷ് അമീന്‍ മട്ടു, മാധ്യമപ്രവര്‍ത്ത അഗ്നി ശ്രീധര്‍,ബൃന്ദ കാരാട്ട് എന്നിവരാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുള്ളവര്‍.

ദാവന്‍ഗരെയില്‍ നിന്നാണ് കത്തയച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബെലഗാവി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുമാരസ്വാമിക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.കലബുര്‍ഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തില്‍ കഴിയുന്ന നിജഗുണാനന്ദ സ്വാമിക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.അതിനിടെ കത്തിന്‍റെ പകര്‍പ്പുമായി നടന്‍ ചേതന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെ സമീപിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് യെഡിയൂരപ്പ നടന് ഉറപ്പ് നല്‍കി.