LiveTV

Live

National

പൗരത്വ നിയമഭേദഗതിക്കെതിരെ കൈ കോര്‍ത്ത് ബംഗാളിലെ ക്രിസ്ത്യന്‍ സമൂഹം; പ്രകോപിതരായി ബി.ജെ.പി

ഇന്ത്യൻ ഭരണഘടനയുടെ യശസ് ‌ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹിക ഭിന്നിപ്പിനെതിരെ പോരാടുകയാണ് ബംഗാളിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹവും

പൗരത്വ നിയമഭേദഗതിക്കെതിരെ കൈ കോര്‍ത്ത് ബംഗാളിലെ ക്രിസ്ത്യന്‍ സമൂഹം; പ്രകോപിതരായി ബി.ജെ.പി

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്താന്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ബംഗാളിലെ ക്രിസ്ത്യന്‍ സമൂഹം. കഴിഞ്ഞ ഒരു മാസത്തോളമായി നടന്നു വരുന്ന പ്രതിഷേധ പരിപാടികളിലും മറ്റും ക്രിസ്ത്യന്‍ സാമൂഹിക നേതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പള്ളികളിലും ജില്ലക്കകത്തും പുറത്തുമായി വരും ദിവസങ്ങളിലടക്കം ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ പല പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

രാജ്യം ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ കൊല്‍ക്കത്തയിലെ 65 റോമൻ കത്തോലിക്കാ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം ഭരണഘടന ആമുഖം വായിച്ചു. ക്രിസ്ത്യന്‍ പള്ളികളിൽ ഭരണഘടന ആമുഖം വായിക്കുന്നത് ഇതാദ്യമായാണ്. സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹം രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നത് വളരെ അപൂർവമാണെന്നാണ് രാഷ്ട്രീയ വിചക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യൻ ഭരണഘടനയുടെ യശ്ശസ് ‌ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹിക ഭിന്നിപ്പിനെതിരെ പോരാടുകയാണ് ബംഗാളിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹം.

അതിമനേഹരമായ ഭരണഘടന ഇന്ത്യക്ക് നൽകിയ ദൈവത്തിന് നന്ദി പറയുന്നു. നാം ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കപ്പെടണം, ”കൊൽക്കത്ത അതിരൂപതാ മെത്രാൻ തോമസ് ഡിസൂസ പറഞ്ഞു.

സംസ്ഥാന തലസ്ഥാനത്ത്, പുരോഹിതന്മാരും കന്യാസ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികളാണ് അതിരൂപത ആഹ്വാനം ചെയ്ത മനുഷ്യചങ്ങലക്കായി അണിചേര്‍ന്നത്. യുണൈറ്റഡ് ഇന്റർഫെയ്ത്ത് ഫൌണ്ടേഷനാണ് 11 കിലോമീറ്റർ ദൂരമുള്ള മനുഷ്യശൃംഖല തെക്കൻ കൊൽക്കത്തയിലെ ഗോൾപാർക്ക് മുതൽ വടക്കൻ കൊൽക്കത്തയിലെ ശ്യാംബസാർ വരെ സംഘടിപ്പിച്ചത്. കൂടാതെ, എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യാനികളുടെ സ്വാധീനമുള്ള സംഘടനയായ ബംഗിയ ക്രിസ്റ്റിയ പാരിസെബ, വരും മാസങ്ങളിൽ ബംഗാൾ ജില്ലകളിലുടനീളം നിരവധി പൗരന്മാരുടെ ഒത്തുചേരലുകൾ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

“ഞങ്ങൾ ചർച്ചകളും പ്രതിഷേധങ്ങളും ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. സി.എ.എ മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കുന്നു. ഇന്ന്, ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നു. നാളെ, അത് മറ്റൊരു വിഭാഗത്തിന്‍റെ നേരെയായിരിക്കും. ഒഡീഷ, ബംഗാൾ, മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാന്‍ ശക്തികൾ നേരത്തെ ലക്ഷ്യമിട്ടിരുന്നുവെന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. എല്ലാ ഇന്ത്യക്കാരും ഭരണഘടനയുടെ യശസ് ഉയർത്തിപ്പിടിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. ബംഗിയ ക്രിസ്റ്റിയ പാരിസെബ ജനറൽ സെക്രട്ടറി ഹെറോഡ് മുള്ളിക് പറഞ്ഞു.

പ്രതിഷേധത്തിൽ ക്രിസ്ത്യൻ സമൂഹം പങ്കെടുക്കുന്നതില്‍ പ്രകടമായ എതിര്‍പ്പ് വ്യക്തമാക്കി ബി.ജെ.പിയും വി.എച്ച്പിയും അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തി വർഗീയ ഐക്യം തകർക്കാൻ പണ്ടേ ശ്രമിച്ചിരുന്നു. ഇപ്പോൾ അവർ തുക്ഡെ-തുക്ഡെ സംഘത്തിൽ ചേർന്നിട്ടുണ്ട്, ”പശ്ചിമ ബംഗാൾ ബി.ജെ.പി ജനറൽ സെക്രട്ടറി സയന്തൻ ബസു പറഞ്ഞു.