LiveTV

Live

National

പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍

പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

പശ്ചിമ ബംഗാളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്.

ബംഗാളില്‍ സി.എ.എയും എന്‍‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. തടങ്കല്‍ പാളയങ്ങള്‍ അടക്കമുള്ളവ അംഗീകരിക്കാനാവില്ല. രാജ്യം വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ജനിക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്. വിവിധ കാര്‍ഡുകള്‍ക്കുവേണ്ടി ജനം ക്യൂ നില്‍ക്കുകയാണ്.

അവര്‍ പാകിസ്താന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പാകിസ്താനെപ്പറ്റി കൂടുതല്‍ സംസാരിക്കുന്ന അവര്‍ ഇന്ത്യയെക്കുറിച്ച് വളരെ കുറച്ചുമാത്രം സംസാരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി.

ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.