LiveTV

Live

National

പൗരത്വ ഭേദഗതി നി‌യമത്തിനെതിരെ രാജസ്ഥാനും പ്രമേയം പാസ്സാക്കി

സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.

പൗരത്വ ഭേദഗതി നി‌യമത്തിനെതിരെ രാജസ്ഥാനും പ്രമേയം പാസ്സാക്കി

പൗരത്വ ഭേദഗതി നി‌യമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസ്സാക്കി. നിയമം റദ്ദാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ആദ്യം കേരളവും പിന്നാലെ പഞ്ചാബുമാണ് നേരത്തെ സി.എ.എക്കെതിരെ പ്രമേയം പാസ്സാക്കിയത്.

മതത്തിന്‍റെ പേരിലുള്ള വിവേചനം ഭരണഘടനാ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മതേതര മൂല്യങ്ങള്‍ക്ക് എതിരാണ് പൗരത്വ ഭേദഗതി നി‌യമം. കൃത്യമായി ആര്‍ട്ടിക്കിള്‍ 14ന്‍റെ ലംഘനമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെയുണ്ടായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിഷേധത്തെ മറികടന്നാണ് രാജസ്ഥാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സി.എ.എയെ അനുകൂലിച്ച് അവര്‍ മുദ്രാവാക്യവും മുഴക്കി.

കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളും പൗരത്വ ഭേദഗതി നി‌യമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ജനുവരി 27ന് രണ്ട് മണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്.