LiveTV

Live

National

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് അധികൃതരുടെ നിർദേശത്തെത്തുടർന്ന് വിവാദമായ ട്വീറ്റിൽ ഡല്‍ഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. 

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമായി വിശേഷിപ്പിച്ച ബി.ജെ.പി സ്ഥാനാര്‍ഥി കപില്‍ മിശ്രക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോഡല്‍ ടൗൺ സ്ഥാനാര്‍ഥി കപില്‍ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് അധികൃതരുടെ നിർദേശത്തെത്തുടർന്ന് വിവാദമായ ട്വീറ്റിൽ ഡല്‍ഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധങ്ങള്‍ നടക്കുന്ന ഷഹീന്‍ബാഗ് പാകിസ്താനിലേക്കുള്ള പ്രവേശനകവാടമാണെന്നാണ് കഴിഞ്ഞദിവസം മിശ്ര ട്വിറ്ററില്‍ കുറിച്ചത്. 'പാകിസ്താനിലേക്കുള്ള പ്രവേശനകവാടം ഷഹീന്‍ബാഗിലൂടെയാണ്. ന്യൂഡല്‍ഹിയില്‍ മിനിപാകിസ്താന്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഷഹീന്‍ബാഗ്, ചാന്ദ്ബാഗ്, ഇന്റര്‍ലോഖ് എന്നിവിടങ്ങളില്‍ നിയമം പാലിക്കപ്പെടുന്നില്ല. ഇവിടെ പാകിസ്താന്‍ പ്രക്ഷോഭകര്‍ റോഡുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്', - എന്നിങ്ങനെയായിരുന്നു മിശ്രയുടെ ട്വീറ്റ്.

ഫെബ്രുവരി എട്ടിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഡല്‍ഹി നിരത്തുകളില്‍ അരങ്ങേറുമെന്നും മിശ്ര ട്വീറ്റ് ചെയ്തു. വിവാദമായ ട്വീറ്റ് സാമുദായിക വികാരം വ്രണപ്പെടുത്തുന്നതായതിനാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ട്വിറ്ററോട് ആവശ്യപ്പെട്ടിരുന്നു. സ്വീകരിച്ച നടപടിയെക്കുറിച്ച് ട്വിറ്റർ അറിയിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ജനങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നിയമ പ്രകാരവും ഡല്‍ഹി വോട്ടെടുപ്പ് അധികൃതർ മിശ്രയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഷഹീൻ ബാഗിലെയും നഗരത്തിലെ മറ്റ് സ്ഥലങ്ങളിലെയും സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭകരെ ആക്ഷേപിച്ച് മിശ്ര ഹിന്ദിയിൽ തുടർച്ചയായ ട്വീറ്റ് ചെയ്തിരുന്നു. ഫെബ്രുവരി 8 ന് വോട്ടെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ഫെബ്രുവരി 11 നാണ് ഫലപ്രഖ്യാപനം.