LiveTV

Live

National

ഭീമാ കൊറേഗാവ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തുറന്ന പോരിലേക്ക്

മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ മാവോയിസ്റ്റുകളാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

ഭീമാ കൊറേഗാവ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തുറന്ന പോരിലേക്ക്

ഭീമാ കൊറേഗാവ് കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തുറന്ന പോരിലേക്ക്. മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ മാവോയിസ്റ്റുകളാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മലയാളിയായ റോണ വില്‍സന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഫട്‌നാവിസ് സര്‍ക്കാര്‍ ചാര്‍ജ് ചെയ്ത കേസുകള്‍ പുനരന്വേഷിക്കാനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തിന് തൊട്ടു പുറകെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്ത് കേന്ദ്രം ഉത്തരവിറക്കിയത്.

സുധാ ഭരദ്വാജ്, വരവര റാവു, ശോമ സെന്‍, വെര്‍ണം ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ തുടങ്ങി 11 സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെയാണ് 2018 പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീമാ കൊറേഗാവ് സംഘര്‍ഷങ്ങളെ ചൊല്ലി പൊലീസ് കേസെടുത്തത്. പിന്നീട് നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ചുമത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഫട്‌നാവിസ് സര്‍ക്കാറിന്റെ കാലത്ത് കേസ് ചാര്‍ജ് ചെയ്യപ്പെട്ടതെന്നാണ് ആരോപണമുയര്‍ന്നത്. നഗര മാവോയിസ്റ്റുകള്‍ എന്ന പുതിയൊരു രാഷ്ട്രീയ പദപ്രയോഗം ബി.ജെ.പി വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും കേസിനെ തുടര്‍ന്നായിരുന്നു.

ഈ കേസില്‍ ശിവസേന തുടക്കം മുതല്‍ തന്നെ ബി.‌ജെ.പി നിലപാടിന് എതിരെയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ കുടുക്കി വേട്ടയാടുന്ന കേസ് എന്നതിലപ്പുറം പൊലീസിന് ഒരു തെളിവും ഈ കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ എന്‍.ഐ.എക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കവെയാണ് മഹാരാഷ്ട്രയുമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത്. ഫെഡറല്‍ ഘടനയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നാണ് ഛത്തീസ്ഗഡ് ചൂണ്ടിക്കാട്ടുന്നത്. എന്‍.ഐ.എ ഇടപെടലുകളെ ചൊല്ലി കൂടുതല്‍ സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിയാന്‍ വഴിയൊരുങ്ങുന്നതാണ് ഇപ്പോഴത്തെ നീക്കം.