LiveTV

Live

National

ഗുജറാത്ത് സര്‍വകലാശാലയില്‍ എ.ബി.വി.പിയെ തകര്‍ത്ത് എസ്.എഫ്.ഐ- ബാപ്സ-എല്‍.ഡി.എസ്.എഫ് സഖ്യം

എസ്.എഫ്.ഐയും എല്‍.ഡി.എസ്.എഫും ആദ്യമായാണ് സര്‍വകലാശാലയില്‍ മത്സരിച്ചത്

ഗുജറാത്ത് സര്‍വകലാശാലയില്‍ എ.ബി.വി.പിയെ തകര്‍ത്ത് എസ്.എഫ്.ഐ- ബാപ്സ-എല്‍.ഡി.എസ്.എഫ് സഖ്യം

ഗുജറാത്ത്‌ കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന അഞ്ച് സീറ്റുകളിലും എ.ബി.വി.പിക്ക് പരാജയം. എസ്.എഫ്.ഐ - ബാപ്സ - എല്‍.ഡി.എസ്.എഫ് സഖ്യം മൂന്ന് സീറ്റുകളില്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.

സ്കൂള്‍ ഓഫ് ലാംഗ്വേജസ്, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, ലൈബ്രറി സയന്‍സ്, എന്‍വയണ്‍മെന്‍റല്‍, സോഷ്യല്‍ സയന്‍സ് എന്നീ വകുപ്പുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്കൂള്‍ ഓഫ് ലാംഗ്വേജസില്‍ എസ്.എഫ്.ഐയുടെ ചിത്തരഞ്ജനും സോഷ്യല്‍ സയന്‍സില്‍ ബാപ്സയുടെ അഷ്റഫും ഇന്‍ര്‍നാഷണല്‍ സ്റ്റഡീസില്‍ എല്‍.ഡി.എസ്.എഫിന്‍റെ പ്രാചി ലൊഖണ്ഡെയും വിജയിച്ചു. ലൈബ്രറി സയന്‍സില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി വിജേന്ദറാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ ഓഫ്‌ എൻവയൺമെന്റലില്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി തരുണ്‍ ആണ് വിജയിച്ചത്.

എസ്.എഫ്.ഐയും എല്‍.ഡി.എസ്.എഫും ആദ്യമായാണ് സര്‍വകലാശാലയില്‍ മത്സരിച്ചത്. പൗരത്വ ഭേദഗതി നിയമവും ജെ.എൻ.യുവിലും ജാമിഅയിലുമുണ്ടായ അതിക്രമങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച്‌ വിദ്യാർഥികൾ വിജയം ആഘോഷിച്ചു.