LiveTV

Live

National

കൊറോണ വൈറസ് ഭീതിയില്‍ മുംബൈയും; ചൈനയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് അണുബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു. 

കൊറോണ വൈറസ് ഭീതിയില്‍ മുംബൈയും; ചൈനയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചൈനയിൽ നിന്ന് മുംബൈയില്‍ എത്തിയ രണ്ട് പേരെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനോടകം വൈറസ് ബാധിച്ച് 26 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. 800 ൽ അധികം പേര്‍ രോഗബാധിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരിൽ ഭൂരിഭാഗവും മധ്യ ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ളവരാണ്. ചൈനയില്‍ നിന്ന് മുംബൈയിലെത്തിയ ഇരുവര്‍ക്കും നേരിയ ചുമയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നാണ് കസ്തൂർബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. പദ്മജ കേസ്‌കർ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊറോണ വൈറസ് അണുബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു. ചൈനയിൽ നിന്ന് എത്തിയ ആര്‍ക്കെങ്കിലും കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിവരം നൽകാൻ നഗരത്തിലെ എല്ലാ സ്വകാര്യ ഡോക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. പദ്മജ വ്യക്തമാക്കി. കൊറോണ വൈറസിനെക്കുറിച്ചും അസുഖത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും മഹാരാഷ്ട്ര സർക്കാരിൽ നിന്ന് വിശദമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്തൂർബ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും കാണിച്ചാൽ ചൈനയിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക വാർഡിലേക്ക് അയയ്ക്കാൻ മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ ബുധനാഴ്ച വരെ 12,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.