LiveTV

Live

National

“പുരുഷൻമാർ വീടുകളിൽ സുഖമായി കിടന്നുറങ്ങുന്നു”; ഷഹീൻ ബാഗ് സമരത്തെ പരിഹസിച്ച് യോഗി

ഷഹീൻ ബാഗ് പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകൾ സമരം സംഘടിപ്പിക്കുകയാണ്

“പുരുഷൻമാർ വീടുകളിൽ സുഖമായി കിടന്നുറങ്ങുന്നു”; ഷഹീൻ ബാഗ് സമരത്തെ പരിഹസിച്ച് യോഗി

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗിലെ സ്ത്രീകൾ നയിക്കുന്ന പ്രക്ഷോഭത്തെ വിമര്‍ശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷൻമാർ വീട്ടിലിരുന്ന ഉറങ്ങിയിട്ട്, സമരം നടത്താൻ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ്​ പരിഹസിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ പൗരത്വ നിയമ ഭേദ​ഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു​ ‍യോ​ഗി ആദിത്യനാഥ്.

"ഇതൊരു വലിയ കുറ്റമാണ്​. പുരുഷൻമാർ വീടുകളിൽ സുഖമായി കിടന്നുറങ്ങുമ്പോൾ സ്​ത്രീകൾ തണുപ്പത്ത്​ പ്രതിഷേധിക്കുകയാണ്​. ഇത്​ അപമാനകരമാണ്​. പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ സ്വത്ത്​ കണ്ടുകെട്ടുമെന്ന്​ പുരുഷൻമാർക്ക്​ നന്നായി അറിയാം. കോൺഗ്രസ്​, സമാജ്​വാദി പാർട്ടി, ഇടതുപക്ഷം എന്നിവരാണ്​ സ്​ത്രീകളെ ​പ്രതിഷേധിക്കാൻ ​പ്രേരിപ്പിക്കുന്നതെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു. സ്ത്രീകളെ മുൻനിരയിൽ നിർത്തി അവർ തന്ത്രപരമായി മുന്നോട്ട് നീങ്ങുകയാണ്. പൗരത്വ നിയമ ഭേദ​ഗതി എന്താണെന്ന് അറിയാത്തവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രതിപക്ഷം പറയുന്നത് വീട്ടിലിരിക്കുന്ന പുരുഷൻമാർ അയോ​ഗ്യരാണെന്നും അതിനാൽ സ്ത്രീകൾ സമരത്തിൽ പങ്കെടുക്കണമെന്നുമാണ്.'' രാജ്യമല്ല ഇവർക്ക് പ്രധാനമെന്നും യോ​ഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്

നാല്‍പത് ദിവസമായി ഷഹിൻബാ​ഗിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ സ്ത്രീകളും സാന്നിദ്ധ്യം ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിഷേധം ഇല്ലാതാക്കാനുള്ള പൊലീസി​​ന്റെ ശ്രമങ്ങളെല്ലാം പാഴായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഷഹീൻബാഗി​ലെ പ്രതിഷേധക്കാരുടെ പുതപ്പുകൾ യു.പി പൊലീസ്​ എടുത്തുകൊണ്ട്​ പോയത്​ വിവാദമായിരുന്നു. ഷഹീൻ ബാഗ് പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകൾ സമരം സംഘടിപ്പിച്ചിരുന്നു.