LiveTV

Live

National

യോഗം വേണം... പതഞ്ജലിയുടെ 6000 കോടി രൂപയുടെ ഫുഡ് പാര്‍ക്കിന് സബ്സിഡി നല്‍കാന്‍ യോഗി സര്‍ക്കാര്‍

ബാല്‍കൃഷ്ണയുടെ പ്രസ്താവന വന്നയുടനെ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും കമ്പനിയുടെ ആവശ്യങ്ങള്‍ കേൾക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദ്ദേശിച്ചിരുന്നു.   

യോഗം വേണം... പതഞ്ജലിയുടെ 6000 കോടി രൂപയുടെ ഫുഡ് പാര്‍ക്കിന് സബ്സിഡി നല്‍കാന്‍ യോഗി സര്‍ക്കാര്‍

ഗ്രേറ്റർ നോയിഡയിലെ പതഞ്ജലി ഗ്രൂപ്പിന്റെ നിർദ്ദിഷ്ട ഫുഡ് പാർക്കിന് സബ്സിഡി നൽകാന്‍ ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന് ഭൂമി സബ്‌സിഡി നൽകാൻ അനുമതി നൽകിയത്. നിർദ്ദിഷ്ട ഫുഡ് പാർക്ക് നിക്ഷേപം കൊണ്ടുവരുമെന്നും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തെ കർഷകരെ സഹായിക്കുമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം മെഗാ ഫുഡ് പ്രോജക്ട് പാർക്ക് സ്ഥാപിക്കുന്നതിന് പതഞ്ജലി 6,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. പതഞ്ജലി ആയുർവേദ ലിമിറ്റഡിന് സംസ്ഥാന സർക്കാർ നേരത്തെ സബ്സിഡി നൽകിയിരുന്നു. അനുവദിച്ച 455 ഏക്കർ ഭൂമിയിൽ 9 ഏക്കർ ഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനായി മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോൾ മന്ത്രിസഭയിൽ നിന്ന് അനുമതി ലഭിച്ചതോടെ അനുബന്ധ സ്ഥാപനമായ പതഞ്ജലി ഫുഡ് ആന്‍‍ഡ് ഹെർബൽ പാർക്ക് എന്നിവയ്ക്കും സബ്സിഡി നൽകും.

2018 ജൂണിൽ പതഞ്ജലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണ, സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലെന്ന് ആരോപിച്ച് പദ്ധതി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാല്‍കൃഷ്ണയുടെ പ്രസ്താവന വന്നയുടനെ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും കമ്പനിയുടെ ആവശ്യങ്ങള്‍ കേൾക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ യോഗം ചേരുകയും തുടര്‍ന്ന് പദ്ധതി ഉത്തർപ്രദേശിൽ തുടരുമെന്ന് സർക്കാർ പ്രസ്താവന ഇറക്കുകയുമായിരുന്നു.