LiveTV

Live

National

ജനാധിപത്യ സൂചികയിലും കൂപ്പുകുത്തി ഇന്ത്യ; പിന്നോട്ടടിക്കാന്‍ കാരണം ‘മോദിയുടെ നയങ്ങള്‍’

പ്രധാനമായും “രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിന്റെ നഷ്ടം” മൂലമാണ് ഇന്ത്യ പിന്നോട്ടിറങ്ങാന്‍ കാരണം. 

ജനാധിപത്യ സൂചികയിലും കൂപ്പുകുത്തി ഇന്ത്യ; പിന്നോട്ടടിക്കാന്‍ കാരണം ‘മോദിയുടെ നയങ്ങള്‍’

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെയായി ഇന്ത്യയുടെ ‘ജനാധിപത്യ മൂല്യ’ങ്ങളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്രതലത്തിലുള്ള വിലയിരുത്തല്‍. ജനാധിപത്യ രാജ്യങ്ങളുടെ ആഗോള റാങ്കിങ്ങായ ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനത്തിനുണ്ടായ ചലനം കുറച്ചൊന്നുമല്ല. ഒറ്റയടിച്ച് പത്തു സ്ഥാനങ്ങളില്‍ ഇറങ്ങി 51 ാം സ്ഥാനത്തേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയാറാക്കിയ ജനാധിപത്യ സൂചികയിലാണ് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ വന്‍ തിരിച്ചടി നേരിട്ടത്.

പ്രധാനമായും “രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിലുണ്ടായ നഷ്ടം” മൂലമാണ് ഇന്ത്യ പിന്നോട്ടിറങ്ങാന്‍ കാരണം. 167 രാജ്യങ്ങളുടെ പട്ടികയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 51 ാം സ്ഥാനത്തായി പോയത്. ഇന്ത്യയുടെ സ്കോർ 2018 ൽ 7.23 ആയിരുന്നു. ഇത് 2019 ൽ 6.90 ആയി കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഇന്റർനെറ്റ് വിച്ഛേദിക്കല്‍, സി.എ.എ - എന്‍.ആര്‍.സി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 14 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ 2014 ലായിരുന്നു. 7.91 ആയിരുന്നു സ്കോര്‍. 2014 ന് ശേഷം താഴുകയായിരുന്നു. ഇതേസമയം, ആഗോള ശരാശരിയായ 5.44 നേക്കാള്‍ മുകളിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ മേഖലയില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും മറ്റ് പല സുരക്ഷാ നടപടികളും ഏർപ്പെടുത്തുകയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. തുടര്‍ന്ന് മേഖലയില്‍ ഇന്റർനെറ്റ് സൗകര്യവും സർക്കാർ റദ്ദാക്കി.- റിപ്പോർട്ടിൽ പറയുന്നു. വിവാദമായ എൻ‌.ആർ‌.സിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ; അസമിൽ എൻ‌.ആർ.‌സിയുടെ അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. എൻ‌.ആർ‌.സിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബഹുഭൂരിപക്ഷം ആളുകളും മുസ്‌ലിംകളാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഭൂരിഭാഗം ആളുകളും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് ഭരണകക്ഷിയായ ബി.ജെ.പി പറയുന്നത്. എന്നാല്‍ അവരുടെ സർക്കാർ ഇത് നിഷേധിക്കുന്നു. പുതിയ പൗരത്വ നിയമം മുസ്‌ലിം ജനതയെ പ്രകോപിപ്പിക്കുകയും സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

ഓരോ രാജ്യങ്ങളുടെയും പൗരസ്വാതന്ത്ര്യം, രാഷ്ട്രീയ സംസ്കാരം, രാഷ്ട്രീയ പങ്കാളിത്തം, സര്‍ക്കാരിന്റെ പ്രവർത്തനം, തിരഞ്ഞെടുപ്പ് പ്രക്രിയകൾ, ബഹുസ്വരത എന്നിവയെക്കുറിച്ച് വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്.