LiveTV

Live

National

‘രാജ്യത്ത് ടുക്ഡെ ടുക്ഡെ ഗ്യാങ് ഉണ്ട്, അവര്‍ ആരാണെന്നും അറിയാം’

ഡൽഹി സ്വദേശിയായ സാകേത് ഗോഖലെയാണ് ആർ.ടി.ഐ ഫയൽ ചെയ്തത്.

‘രാജ്യത്ത് ടുക്ഡെ ടുക്ഡെ ഗ്യാങ് ഉണ്ട്, അവര്‍ ആരാണെന്നും അറിയാം’

വീണ്ടും ടുക്ഡെ ടുക്ഡെ ഗ്യാങ് ചർച്ചയാക്കി എം.പി ശശി തരൂർ. ടുക്ഡെ ടുക്ഡെ ഗ്യാങ് എന്ന ഒരു സംഘത്തെ കുറിച്ച് ഒദ്യോഗിക വിവരമൊന്നും ഇല്ലെന്ന് ആർ.ടി.ഐക്ക് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രാലയത്തെ പരിഹസിച്ച ശശി തരൂർ, മന്ത്രാലയത്തിന് തെറ്റിയെന്നും ടുക്ഡെ ടുക്ഡെ
ഗ്യാങാണ് ഇപ്പോൾ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

രാജ്യത്തുടനീളം നടക്കുന്ന അക്രമ പ്രവർത്തനങ്ങൾക്ക് പിറകിൽ ടുക്ഡെ ടുക്ഡെ ഗ്യാങാണെന്ന ആഭ്യന്തരമന്ത്രിയുൾപ്പടെയുള്ളവരുടെ പ്രസ്താവനക്ക് പിന്നാലെയാണ്, ഇത്തരമൊരു സംഘത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ആഭ്യന്തര മന്ത്രാലയത്തിലേക്ക് എത്തുന്നത്.

നേരത്തെ, ഡൽഹി സ്വദേശിയായ സാകേത് ഗോഖലെയാണ് ആർ.ടി.ഐ ഫയൽ ചെയ്തത്. ഇതിന് ലഭിച്ച മറുപടി സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സാകേത്, ടുക്ഡെ ടുക്ഡെ ഗ്യാങ് ആഭ്യന്തരമന്ത്രിയുടെ ഒരു ഭാവന മാത്രമാണെന്നും നേരത്തെ കുറിച്ചിരുന്നു.

ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി സഹിതമുള്ള വാർത്തയോട് കൂടിയാണ് ശശി തരൂർ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ആർ.ടി.ഐ മറുപടിയെ കുറിച്ച് എം.പി കപിൽ സിബൽ പറ‍ഞ്ഞത്, രാജ്യത്തുള്ള മറ്റാരേക്കാളും ടുക്ഡെ ടുക്ഡെ ഗ്യാങിനെ കുറിച്ച് അറിയുന്നത് ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. രാജ്യത്തെ വിഭജിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും സിബൽ പറഞ്ഞു.