LiveTV

Live

National

പാര്‍ട്ടിയോടുള്ള അടങ്ങാത്ത സനേഹം; കുഞ്ഞിന് ‘കോണ്‍ഗ്രസ്’ എന്ന് പേരിട്ടു

പാര്‍ട്ടിയോടുള്ള അടങ്ങാത്ത സനേഹം; കുഞ്ഞിന് ‘കോണ്‍ഗ്രസ്’ എന്ന് പേരിട്ടു

പാര്‍ട്ടിയോടുള്ള അടങ്ങാത്ത സ്നേഹം കോണ്‍ഗ്രസുകാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രകടിപ്പിച്ചത് കുഞ്ഞിന് പേരിട്ട് കൊണ്ടാണ്. ഈ പേരിടലാകട്ടെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി. രാജസ്ഥാനിലെ ഉദയ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ മീഡിയ വിഭാഗം ഉദ്യോഗസ്ഥനുമായ വിനോദ് ജെയിനാണ് തന്റെ കുഞ്ഞിന് ‘കോണ്‍ഗ്രസ് ജെയിന്‍’ എന്നു പേരു നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ ത്രിവര്‍ണ ഷാള്‍ അണിയിച്ച് നില്‍ക്കുന്ന ഫോട്ടോയും ജനന സര്‍ട്ടിഫിക്കറ്റും ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍റെ പാര്‍ട്ടി സ്നേഹം രാജസ്ഥാന്‍ സംസ്ഥാനവും കടന്ന് പുറം ലോകമറിയുന്നത്.

തനിക്ക് ശേഷവും തന്റെ വരും തലമുറ തന്റെ പാത പിന്തുടരണമെന്നും അത് കൊണ്ടാണ് പുതിയതായി പിറന്ന ആണ്‍കുട്ടിക്ക് കോണ്‍ഗ്രസ് എന്ന് പേരിട്ടതെന്ന് വിനോദ് ജെയിന്‍ പറഞ്ഞു. പേരിടുന്നതില്‍ വീട്ടിലെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെന്നും തന്റെ പ്രതീക്ഷ മകന്‍ ഭാവിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമാകുമെന്ന് തന്നെയാണെന്നും വിനോദ് പറഞ്ഞു.

‘കോണ്‍ഗ്രസ് ജെയിനെ’ കൂടാതെ ഒരു മകള്‍ കൂടിയുള്ള വിനോദ് ജെയിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ടില്‍ നിന്നുള്ള പ്രചോദനത്തിലാണ് കുഞ്ഞിന് കോണ്‍ഗ്രസ് എന്ന് പേരിടുന്നതില്‍ എത്തിയത്.

മാധ്യമപ്രവര്‍ത്തകനായ രാഗേഷ് ഗോസ്വാമിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാജസ്ഥാന്‍ കോണ്‍ഗ്രസിനെയും ടാഗ് ചെയ്തു കൊണ്ടാണ് രാഗേഷ് ഗോസ്വാമി ഫോട്ടോ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി.