LiveTV

Live

National

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ്

നിരവധി ആളുകളാണ് വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ശബ്ദംമൂലം കോടതിയിലെ ഫാനുകള്‍ ഉള്‍പ്പെടെ ഓഫാക്കിയിട്ടുണ്ട്. ആളുകളുടെ തിരക്ക് കാരണം കോടതിയുടെ വാതിലുകള്‍ അടക്കാനാവുന്നില്ല

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ്

പൌരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ അല്പസമയത്തിനകം സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് കേസ് പരിഗണിക്കുന്നു. ജ. എസ് എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നിരവധി ആളുകളാണ് വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ശബ്ദംമൂലം കോടതിയിലെ ഫാനുകള്‍ ഉള്‍പ്പെടെ ഓഫാക്കിയിട്ടുണ്ട്. ആളുകളുടെ തിരക്ക് കാരണം കോടതിയുടെ വാതിലുകള്‍ അടക്കാനാവുന്നില്ല. ബലം പ്രയോഗിച്ച് ആളുകളെ മാറ്റിയാല്‍ പ്രശ്നമാകില്ലേയെന്ന് ചീഫ് ജസ്റ്റിസ്.

പൌരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിക്ക് മുമ്പില്‍ രാത്രിമുതല്‍ പ്രതിഷേധമുണ്ടായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.എ.എക്കെതിരായ ഹരജികള്‍ പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് നീക്കി. സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി.

പൌരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധമുണ്ടായത്. നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുക, ഹൈക്കോടതികളിലെ ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാകും ബഞ്ച് ആദ്യം പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് മുസ്‍ലിം ലീഗ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കില്ല.

പൌരത്വ നിയമഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് 70ല്‍ അധികം ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ജസ്റ്റിസുമാരായ അബ്ദുൽ നസീര്‍, സജ്ഞീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സമാന ആവശ്യം ഉന്നയിച്ച് വിവിധ ഹൈക്കോടതികളിൽ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കാണിച്ചുള്ള മറ്റ് രണ്ട് ഹരജികളും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.

നിയമം പ്രാബല്യത്തിലാക്കി കേന്ദ്രം ഈ മാസം 10ന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സമര്‍പ്പിച്ച അപേക്ഷയും ഇന്ന് ബഞ്ചിന്റെ പരിഗണനക്ക് വരും. ‌അതേസമയം നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് കോടതി നല്‍കിയ നോട്ടീസിന് കേന്ദ്രം ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഹരജി ട്രാന്‍സ്‍ഫര്‍ ചെയ്യണമെന്ന കാര്യത്തില്‍ മാത്രമായിരിക്കും ഇന്ന് കോടതി നിലപാടെടുക്കുക. ഭരണഘടനാ ബഞ്ചിന് വിടുന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി തീരുമാനം വൈകിയേക്കും.