LiveTV

Live

National

ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ്

പ്രതിഷേധത്തെക്കുറിച്ച് അപവാദം പരത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.   

ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ്

ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ ഒരു കോടി രൂപ വക്കീല്‍ നോട്ടീസ് അയച്ച് ഡൽഹി ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ. പ്രതിഷേധത്തെക്കുറിച്ച് അപവാദം പരത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അപകീര്‍ത്തിക്ക് നോട്ടീസ് അയച്ചത്. പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമരക്കാര്‍ ദിവസേന 500-700 രൂപ കൂലി വാങ്ങിയെന്ന് ആരോപിക്കുന്ന അമിത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.

ഈ പ്രസ്താവന കള്ളമാണെന്ന് മാത്രമല്ല ദേശീയ, അന്തർദേശീയ തലത്തില്‍ പ്രതിഷേധക്കാരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു. അമിത്തിന്റെ ഇത്രയും വലിയ വ്യാജ പ്രചരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിഷേധക്കാരെ അപകീർത്തിപ്പെടുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരുടെ അഭിഭാഷകനാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്ക് നോട്ടീസ് അയച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനും (സി‌.എ‌.എ) എൻ‌.ആർ‌.സിക്കുമെതിരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിലും സമീപത്തെ ജാമിഅ മില്ലിയ ഇസ്‍ലാമിയയിലും പ്രതിഷേധം തുടരുകയാണ്.