LiveTV

Live

National

‘എന്താണ് ടുക്ഡെ ടുക്ഡെ ഗ്യാങ്?’; അമിത് ഷായെ ‘പൊളിച്ചടുക്കി’ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആര്‍.ടി.ഐ മറുപടി

ഡൽഹിയിലുള്ള ‘ടുക്ഡെ ടുക്ഡെ ഗ്യാങി’നെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26 ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

‘എന്താണ് ടുക്ഡെ ടുക്ഡെ ഗ്യാങ്?’; അമിത് ഷായെ ‘പൊളിച്ചടുക്കി’ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആര്‍.ടി.ഐ മറുപടി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി നേതാക്കള്‍ നിരന്തരം കുറ്റം ചാര്‍ത്തുന്ന ഒരു സംഘമുണ്ട്. ഇന്ന് വരെ ആരും 'കാണാത്ത', ‘കേട്ടുകേഴ്‍വി’ മാത്രമായൊരു സംഘം. 'ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്നാണ് ഈ സംഘത്തെ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് പ്രതിഷേധം ഉയരുമ്പോഴൊക്കെ ഈ ഗ്യാങ് ആയിരിക്കും ബി.ജെ.പി നേതാക്കള്‍ക്ക് കുറ്റക്കാര്‍. ഈ ഗ്യാങ് ആയിരിക്കും പ്രശ്നങ്ങള്‍ മൊത്തം ഉണ്ടാക്കുന്നതും. അങ്ങനെയെങ്കില്‍ ഈ സംഘം ആരാണെന്ന് അറിയണമല്ലോ ?

ഇതറിയാനാണ് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെ, ഈ 'ടുക്ഡെ ടുക്ഡെ ഗ്യാങി'നെ കുറിച്ചുള്ള വിവരങ്ങളും അതിലെ അംഗങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയത്തോട് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ഫയൽ ചെയ്തത്. ഡൽഹിയിലുള്ള 'ടുക്ഡെ ടുക്ഡെ ഗ്യാങി'നെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26 ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി തന്നെ പറയുന്ന സംഘത്തില്‍ ആരൊക്കെയാണെന്ന് അറിയുകയായിരുന്നു ആര്‍.ടി.ഐയുടെ ലക്ഷ്യം.

എന്നാല്‍ ഈ 'ടുക്ഡെ ടുക്ഡെ ഗ്യാങി'നെ കുറിച്ചുള്ള ആര്‍.ടി.ഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി പ്രധാനമന്ത്രി മോദിക്കും മന്ത്രാലയം തലവന്‍ അമിത് ഷായ്ക്കും നാണക്കേടായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 'ടുക്ഡെ ടുക്ഡെ ഗ്യാങി'നെ കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു സാകേതിന് ലഭിച്ച മറുപടി. എന്താണ് 'ടുക്ഡെ ടുക്ഡെ ഗ്യാങ്'?, എന്തുകൊണ്ട് അത് യു.എ.പി.എ പ്രകാരം നിരോധിക്കുന്നില്ല ?, ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്നിങ്ങനെയായിരുന്നു ഫയല്‍ ചെയ്ത ആർ.ടി.ഐയിലെ ചോദ്യങ്ങൾ. ഏതായാലും ആര്‍.ടി.ഐക്ക് ലഭിച്ച മറുപടിയുടെ പകര്‍പ്പിനൊപ്പം 'ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്നൊരു സംഘം നിലനില്‍ക്കുന്നില്ലെന്നും അത് അമിത് ഷായുടെ ഭാവന മാത്രമാണെന്നും സാകേത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തിലുള്ള ടുക്ഡെ ടുക്ഡെ ഗ്യാങ് തലസ്ഥാനത്ത് പ്രശ്നങ്ങൾ അഴിച്ചുവിടുകയാണെന്നായിരുന്നു അമിത് ഷാ നേരത്തെ ഡല്‍ഹിയില്‍ പറഞ്ഞത്. 2016 ജെ.എൻ.യു പ്രക്ഷോഭത്തോടെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് ഹിറ്റായി തുടങ്ങിയത്. പ്രക്ഷോഭ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി എന്ന് പറയപ്പെടുന്ന വിദ്യാർഥികളെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് എന്ന് പിന്നീട് വിളിച്ച് പോന്നത്. ഇന്ന് ബി.ജെ.പി ഇതര രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ് ടുക്ഡെ ടുക്ഡെ ഗ്യാങ്. രാഹുൽ ഗാന്ധിയുൾപ്പെടുയള്ളവർക്ക് ഇതിനോടകം ഈ പേര് വീണിട്ടുണ്ട്. ഇതിന് പുറമെ, പല സമയങ്ങളിലായി രൂപം കൊണ്ട അർബൻ നക്സൽ, ജിഹാദി പേരുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിച്ച് വരുന്നുണ്ട്.