LiveTV

Live

National

സി.സി തമ്പിയുടെ അറസ്റ്റ്: രാഷ്ട്രീയ മാനങ്ങള്‍ ഏറെ

പൗരത്വ പ്രക്ഷോഭത്തിനു മുന്നില്‍ സ്തംഭിച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു നല്‍കിയ ഷോക്ക് കൂടിയാണ് തമ്പിയുടെ അറസ്റ്റ്.

സി.സി തമ്പിയുടെ അറസ്റ്റ്: രാഷ്ട്രീയ മാനങ്ങള്‍ ഏറെ

പ്രവാസി വ്യവസായിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമായ പ്രവാസി മലയാളി വ്യവസായി സി.സി തമ്പിയുടെ അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. പൗരത്വ പ്രക്ഷോഭത്തിനു മുന്നില്‍ സ്തംഭിച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു നല്‍കിയ ഷോക്ക് കൂടിയാണ് തമ്പിയുടെ അറസ്റ്റ്.

വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും റോബര്‍ട്ട് വാദ്രയുമായും ചേര്‍ന്ന് ലണ്ടനില്‍ നടത്തിയ സ്വത്തിടപാടിലെ അന്വേഷണവും വിദേശ പണവിനിമയ ചട്ടം ലംഘിച്ച് കേരളത്തില്‍ 1000 കോടിയുടെ ഭൂമിയിടപാട് നടത്തിയ കേസുമാണ് തമ്പിക്കെതിരെയുള്ളത്. ഈ കേസുകളില്‍ 2017 മുതല്‍ തമ്പി അന്വേഷണം നേരിടുകയാണ്. 2017 മുതല്‍ അനേകം തവണ തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം നടന്ന അറസ്റ്റിന് അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്.

സോണിയാ കുടുംബത്തിന്‍റെ വിശ്വസ്തനായ സി.സി തമ്പിക്ക് ബി.ജെ.പിയിലും സി.പി.എമ്മിലും ഉന്നത ബന്ധങ്ങളുണ്ട്. റോബര്‍ട്ട് വാദ്രയെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ച അന്വേഷണങ്ങളില്‍ തുടക്കം മുതല്‍ തമ്പിയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തമ്പിയുടെ അറസ്റ്റ് സോണിയാ കുടുംബത്തെ പ്രതിരോധത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന നിരീക്ഷണമുണ്ട്.

മലയാളി വ്യവസായി സി.സി തമ്പി അറസ്റ്റില്‍
Also Read

മലയാളി വ്യവസായി സി.സി തമ്പി അറസ്റ്റില്‍

പൗരത്വ പ്രക്ഷോഭത്തിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ നിലപാടുള്ളത് സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമാണ്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കൂട്ടിയത് പോലും സോണിയാ ഗാന്ധിയുടെ മുന്‍കയ്യിലാണ്. കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയ നേതാക്കള്‍ക്ക് പൗരത്വ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് സജീവമാകുന്നതില്‍ വിയോജിപ്പാണ്. അതുകൊണ്ട് തന്നെ സോണിയാ കുടുംബം കൂടി ആരോപണ വിധേയരായ കേസില്‍ നടന്ന അറസ്റ്റിന് രാഷ്ട്രീയ മാനം കൈവരികയാണ്. പൗരത്വ സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഇതിനെ കാണുന്നത്.

തൃശൂര്‍ കുന്നംകുളത്തിനടുത്ത പഴഞ്ഞി കോട്ടോലിലാണ് തമ്പിയുടെ വീട്. യു.എ.ഇയില്‍ നിരവധി ബിസിനസ് സംരംഭങ്ങളുള്ള തമ്പിക്ക് കേരളത്തില്‍ എഞ്ചിനീയറിംഗ് കോളജും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമുണ്ട്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തമ്പി യു.എ.ഇയില്‍ തന്നെയാണ് താമസം. തമ്പിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ഡിസ്റ്റിലറി ഉല്‍പ്പാദന സംഭരണ ശേഷി വര്‍ധിപ്പിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറയിലേക്ക് മാറ്റാന്‍ 2011ല്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു.