LiveTV

Live

National

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകർച്ചയും ഗ്രാമീണ വരുമാനത്തിലെ തളർച്ചയുമാണ് ഇന്ത്യൻ സമ്പദ് രംഗത്തെ താറുമാറാക്കിയത്. 

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

ഇന്ത്യയിലെ വളർച്ച കുത്തനെ കുറഞ്ഞുവെന്നും ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഇന്ത്യയുടെ സാമ്പത്തിക രംഗം പരിതാപകരമായ സ്ഥിതിയിലാണെന്നും അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോർട്ട്‌. നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്ക് 4.8 ശതമാനമായി കുറയും. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. പൊതു ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഐ.എം.എഫിന്റെ പുതിയ റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിന് തലവേദനയാകും.

ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകർച്ചയും ഗ്രാമീണ മേഖലയിലെ വരുമാനത്തിലെ തളർച്ചയുമാണ് ഇന്ത്യൻ സമ്പദ് രംഗത്തെ താറുമാറാക്കിയത്. പ്രതീക്ഷിച്ചതിനേക്കാൾ 1.3 ശതമാനത്തിന്റെ കുറവ് സാമ്പത്തിക വളർച്ചയിൽ ഉണ്ടായി. സാമ്പത്തിക മാന്ദ്യം തിരിച്ചറിഞ്ഞിട്ടും ഗ്രാമീണ മേഖലയെ രക്ഷിക്കാനുള്ള ഉത്തേജന പാക്കേജുകൾ ഒന്നും സർക്കാർ പ്രഖ്യാപിച്ചില്ല. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ടും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷമാണെന്നുള്ള കണക്കുകളും നേരത്തെ പുറത്തു വന്നിരുന്നു.

അതേസമയം, ആഗോള വളർച്ച 2.9 ശതമാനത്തിൽ നിന്ന് 2020 ല്‍ 3.3 ശതമാനമായി വർധിക്കുമെന്നും 2021 ൽ 3.4 ശതമാനത്തിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പ് ആഗോള വളർച്ച നിരക്കിനെയും ബാധിക്കുമെന്നും ഐ.എം.എഫ് പറയുന്നു. ഇതേസമയം, ഇന്ത്യൻ സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും 2019-20 ൽ 5 ശതമാനം വളർച്ച കണക്കാക്കുമ്പോൾ, റേറ്റിങ് ഏജൻസിയായ മൂഡീസ് സാമ്പത്തിക വർഷത്തിൽ 4.9 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിന് ഇന്ത്യൻ സർക്കാർ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ധനനയം തിരഞ്ഞെടുക്കണമെന്നും കഴിഞ്ഞ മാസം ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.