LiveTV

Live

National

യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

അക്ബർ മാറ്റിയ നഗരത്തിന്റെ പഴയ പേര് പുനസ്ഥാപിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.   

യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താല്‍പ്പര്യ ഹരജിയില്‍ സുപ്രിംകോടതി ഉത്തർപ്രദേശിലെ യോഗി സർക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയിൽവേ സ്റ്റേഷനുകൾ, കേന്ദ്ര സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പേരുകൾ സംസ്ഥാന സർക്കാരിന് മാറ്റാൻ കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു.

500 വർഷങ്ങൾക്ക് മുമ്പ് മുഗൾ ചക്രവർത്തിയായ അക്ബർ ചെയ്ത തെറ്റുകൾ തിരുത്താനാണ് ചരിത്ര നഗരമായ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതിന് പിന്നിലെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പിയുടെ വാദം. അക്ബർ മാറ്റിയ നഗരത്തിന്റെ പഴയ പേര് പുനസ്ഥാപിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചരിത്രത്തെ സർക്കാർ വളച്ചൊടിക്കുകയും തകർക്കുകയുമാണെന്ന് പ്രതിപക്ഷവും, പണ്ഡിതന്മാരും ചരിത്രകാരന്മാരും വിമര്‍ശിക്കുന്നതിനിടെയാണ് സുപ്രിംകോടതി യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. 1575-ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗൾ ചക്രവർത്തി അക്ബർ ഇതിനെ 'ഇല്ലഹാബാസ്' എന്നാണ് വിളിച്ചത്. ദൈവത്തിന്റെ വാസസ്ഥാനം എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം.