LiveTV

Live

National

മുസഫർപുർ അഭയ കേന്ദ്ര പീഡനം: മുൻ എം‌.എൽ‌.എ ബ്രജേഷ് താക്കൂര്‍ ഉള്‍പ്പടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

മുസഫർപുർ അഭയ കേന്ദ്ര പീഡനം: മുൻ എം‌.എൽ‌.എ ബ്രജേഷ് താക്കൂര്‍ ഉള്‍പ്പടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

മുസഫർപുർ അഭയ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഡല്‍ഹി വിചാരണ കോടതിയുടേതാണ് വിധി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മുൻ എം‌.എൽ‌.എയുമായ ബ്രജേഷ് താക്കൂര്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തല്‍. പോക്സോ ആക്ട്, കൂട്ട മാനഭംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത്. കേസിലെ ഒരു പ്രതിയെ കോടതി കുറ്റവിമുത്നാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 28ന് വിധിക്കും.

ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എം.എല്‍.എയായ ബ്രജേഷ് താക്കൂര്‍ നടത്തിയിരുന്ന അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. എട്ട് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘത്തെയാണ് പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

2018 മെയ് 26ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും ബിഹാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം ആദ്യമായി പുറം ലോകമറിയുന്നത്. 2018 മെയ് 29ന് ബിഹാര്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും മറ്റു സുരക്ഷിത താമസ സ്ഥലങ്ങളിലേക്ക് മാറ്റുകയുണ്ടായി. നവംബര്‍ 28നാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നത്.