LiveTV

Live

National

പദവിയൊഴിഞ്ഞാലും അമിത് ഷാ തന്നെ ബി.ജെ.പിയില്‍ ഒന്നാമന്‍

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തി ബി.ജെ.പിയിലെ രണ്ടാമനായി അമിത്ഷാ ദേശീയ ശ്രദ്ധയിലെത്തുന്നത്

പദവിയൊഴിഞ്ഞാലും അമിത് ഷാ തന്നെ ബി.ജെ.പിയില്‍ ഒന്നാമന്‍

വന്‍ ഭൂരിപക്ഷത്തോടെ രണ്ട് തവണ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ശേഷമാണ് അമിത് ഷാ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുന്നത്. സ്ഥാനമൊഴിഞ്ഞാലും ബി.ജെ.പിയില്‍ അമിത്ഷാ തന്നെ അതികായനായി തുടരും. സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ മിക്കയിടത്തും ഷായുടെ വിശ്വസ്തര്‍ അധികാരം നിലനിർത്തിയത് ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തി ബി.ജെ.പിയിലെ രണ്ടാമനായി അമിത്ഷാ ദേശീയ ശ്രദ്ധയിലെത്തുന്നത്. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും കൊണ്ട് കുപ്രസിദ്ധമായ കാലത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി. ദേശീയ രാഷ്ട്രീയത്തിലും മോദി-ഷാ സഖ്യം തുടര്‍ന്നു. മോദി പ്രധാനമന്ത്രിയായപ്പോള്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായി. രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ അമിത് ഷാ ആഭ്യന്തരമന്ത്രിയും. ബി.ജെ.പിയിലെ കീഴ്‍വഴക്കങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രമന്ത്രിയായ ശേഷവും ഷാ അധ്യക്ഷ പദവിയില്‍ തുടര്‍ന്നു.

ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പുകളില്‍ അമിത്ഷാ അധ്യക്ഷനായിരിക്കെ നിയമിച്ച സംസ്ഥാന പ്രസിഡന്‍റുമാരാണ് മിക്ക സംസ്ഥാനങ്ങളിലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാൾ, കര്‍ണാടക, ജമ്മു കശ്മീര്‍, അസം എന്നിവിടങ്ങളില്‍ ഇതിനകം അമിത്ഷായുടെ വിശ്വസ്തര്‍ തിരിച്ചെത്തി. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിശ്വസ്തര്‍ അധ്യക്ഷന്മാരാകുമെന്നാണ് സൂചന. ആദ്യമായി ‌സംസ്ഥാന പ്രസിഡന്‍റുമാരായവരും അമിത്ഷായുടെ ഇഷ്ടക്കാരാണ്.

പാര്‍ട്ടിയിലെപ്പോലെ സര്‍ക്കാറിലും അപ്രമാധിത്തം നേടിയ അമിത് ഷാ, പ്രധാനമന്ത്രിയെ അപ്രസക്തനാക്കുന്ന സാന്നിധ്യമായി മാറുന്ന സമയത്താണ് പാര്‍ട്ടി ചുമതല കൈമാറുന്നത്.