LiveTV

Live

National

മലയാളി വ്യവസായി സി.സി തമ്പി അറസ്റ്റില്‍

റോബർട്ട് വദ്രക്ക് എതിരായ കള്ളപ്പണ കേസിലും ഭൂമി ഇടപാട് കേസിലും തമ്പിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

മലയാളി വ്യവസായി സി.സി തമ്പി അറസ്റ്റില്‍

പ്രമുഖ മലയാളി പ്രവാസി വ്യവസായിയും, ഹോളിഡേ ഗ്രൂപ് മേധാവിയുമായ സി.സി തമ്പി അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡല്‍ഹിയില്‍ വെച്ച് തമ്പിയെ അറസ്റ്റ് ചെയ്തത്. വിദേശ നാണയ ചട്ടം ലംഘിച്ചെന്ന കേസിലാണ് നടപടി. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ഇന്നു തന്നെ തമ്പിയെ ഇഡി കോടതിയില്‍ ഹാജരാക്കും.

1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. റോബർട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി തമ്പി, വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.

ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത് പ്രകാരം സിസി തമ്പി ഡല്‍ഹിയില്‍ എത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ട ലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയില്‍നിന്നും ലണ്ടനില്‍ സ്വത്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തില്‍ വിവിധ സ്വത്ത് വകകള്‍ വാങ്ങിയതില്‍ 1000 കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

റോബര്‍ട്ട് വാദ്രക്കെതിരായ അനധികൃത ഭൂമി ഇടപാട്, കള്ളപ്പണ കേസുകളില്‍ തമ്പിക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. റോബര്‍ട്ട് വാദ്ര ലണ്ടനില്‍ 26 കോടിയുടെ ഫ്ലാറ്റും ദുബൈയില്‍ 14 കോടിയുടെ വില്ലയും വാങ്ങിയത് തമ്പിയുടെ കമ്പനി മുഖേനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

നേരത്തെ ഇ‍ഡി നടത്തിയ ചോദ്യം ചെയ്യലില്‍ വാദ്രയെ പരിചയപ്പെട്ടത് സോണിയ ഗാന്ധിയുടെ പി.എ പി പി മാധവന്‍ വഴിയാണെന്നും തന്റെ ഫ്ലാറ്റില്‍ വദ്ര താമസിച്ചിട്ടുണ്ടെന്നും തമ്പി വെളിപ്പെടുത്തിയിരുന്നു. തമ്പിയുടെ വെളിപ്പെടുത്തലുകള്‍ വാദ്ര തള്ളിയിട്ടുണ്ട്.