LiveTV

Live

National

ദേവേന്ദര്‍ സിങിനെതിരായ മുന്‍കാല കേസുകളുടെ അന്വേഷണം ദുരൂഹമായി അവസാനിച്ചു

ദേവേന്ദര്‍ സിംഗിന് രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്

ദേവേന്ദര്‍ സിങിനെതിരായ മുന്‍കാല കേസുകളുടെ അന്വേഷണം ദുരൂഹമായി അവസാനിച്ചു

ഭീകരരെ സഹായിച്ചതിന് കശ്മീരില്‍ അറസ്റ്റിലായ സെപ്ഷ്യല്‍ ടാസ്ക് ഫോഴ്സ് കമാന്‍ഡര്‍ ദേവേന്ദര്‍ സിങിനെതിരായ മുന്‍കാല കേസുകളുടെ അന്വേഷണം ദുരൂഹമായി അവസാനിച്ചു.

ഏറ്റുമുട്ടല്‍ കൊലകള്‍, പണം തട്ടല്‍, മയക്കു മരുന്ന് കള്ളക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ദേവേന്ദര്‍ സിംഗിന് രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

പാര്‍ലമെന്റ് ആക്രമണത്തില്‍ വഹിച്ച കുറ്റകരമായ പങ്കിനെ കുറിച്ചാണ് ദേവേന്ദര്‍ സിംഗിനെതിരെയുള്ള ഏറ്റവും പ്രമാദമായ ആരോപണം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയയതിനു ശേഷം സിംഗിനെ എസ്.ടി.എഫില്‍ നിന്നും ട്രാഫിക് പോലിസിലേക്ക് നീക്കുകയും 2018ല്‍ പാര്‍ലമെന്റ് ആക്രമണ കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ദേവേന്ദര്‍ സിംഗിന്റെ പേര് പോലിസ് മെഡലിനായി ശിപാര്‍ശ ചെയ്തത്. എന്നാല്‍ അഫ്‌സല്‍ ഗുരുവിനൊപ്പം ദേവേന്ദര്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഐജാസ് അഹമ്മദ് ബസാസിന്റെ മരണത്തെ കുറിച്ച് കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഇന്നേവരെ നടപടികള്‍ ഉണ്ടായിട്ടില്ല. 2005ല്‍ ഒരു വ്യവസായ പ്രമുഖന്റെ പണവും ജെ.സി.ബിയും തട്ടിയെടുത്ത കേസും സിംഗിനെതിരെ ശ്രീനഗര്‍ സദര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആറ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 2014ലെ വെള്ളപ്പൊക്ക സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഒഴുകിപോയെന്ന് കാണിച്ച് ഈ അന്വേഷണം പോലിസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. ബംഗ്‌ളാദേശിലും നേപ്പാളിലും സിംഗ് ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ നിരന്തരം സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്. ഇത് എന്തിനു വേണ്ടിയെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. എ.കെ 47 ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ വീട്ടില്‍ നിന്നും ദേവേന്ദറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തില്‍ പാകിസ്ഥാനുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടോ എന്നതും അന്വേഷിക്കാന്‍ ബാക്കിയുണ്ട്. സിംഗിനെ ചോദ്യം ചെയ്യാനായി ശ്രീനഗറിലേക്കു പോയ എന്‍.ഐ.എ സംഘം ഇദ്ദേഹത്തെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉടന്‍ ദല്‍ഹിയിലെത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.