LiveTV

Live

National

മൂന്ന് തലസ്ഥാനങ്ങളുമായി ആന്ധ്രാ പ്രദേശ്

ടി.ഡി.പി നേതൃത്വം നല്‍കിയ കഴിഞ്ഞ സര്‍ക്കാരാണ് അമരാവതി തലസ്ഥാനമാക്കാന്‍ തീരുമാനിച്ചത്.

മൂന്ന് തലസ്ഥാനങ്ങളുമായി ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന് ആന്ധ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക.

മന്ത്രിസഭയുടെ തീരുമാനം ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. വോട്ടെടുപ്പില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അമരാവതി തലസ്ഥാനമാക്കണമെന്നാണ് പ്രതിപക്ഷമായ ടി.ഡി.പിയുടെ ആവശ്യം.

ടി.ഡി.പി നേതൃത്വം നല്‍കിയ കഴിഞ്ഞ സര്‍ക്കാരാണ് അമരാവതി തലസ്ഥാനമാക്കാന്‍ തീരുമാനിച്ചത്. 2000 ഏക്കര്‍ മേഖലയില്‍ ഏറ്റെടുത്ത് തലസ്ഥാന വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇവിടെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ബന്ധുക്കള്‍ സ്ഥലം സ്വന്തമാക്കിയെന്നും വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം.

തുടര്‍ന്നാണ് ആന്ധ്രയിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് തലസ്ഥാനങ്ങള്‍ എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യവെ പുറത്ത് പ്രതിഷേധം ശക്തമാണ്. കര്‍ശന സുരക്ഷയാണ് എല്ലായിടത്തും. 800 ടി.ഡി.പി നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. 175 അംഗ നിയമസഭയില്‍ 151 അംഗങ്ങളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം സഭയില്‍ പാസാകുമെന്ന് ഉറപ്പാണ്. എന്നാല്‍ കൗണ്‍സിലില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ല.

അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. വിഭജന ശേഷം ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. തുടര്‍ന്നാണ് ആന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്.