LiveTV

Live

National

ഉറുദു ഒഴിവാക്കി സംസ്കൃതത്തില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉത്തരാഖണ്ഡ് റെയില്‍വെ

2010 ൽ ഉത്തരാഖണ്ഡ് സർക്കാർ സംസ്‌കൃതത്തെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തിരുന്നു. സംസ്കൃതത്തിന് ഈ ഭാഷാ പദവി നൽകുന്ന രാജ്യത്ത് ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 

ഉറുദു ഒഴിവാക്കി സംസ്കൃതത്തില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉത്തരാഖണ്ഡ് റെയില്‍വെ

സൈൻബോർഡുകളിൽ ഉറുദു ഭാഷ ഒഴിവാക്കി സംസ്‌കൃതം ഉപയോഗിക്കാന്‍ ഉത്തരാഖണ്ഡ് റെയിൽവേ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് നിലവില്‍ റെയിൽ‌വേ സ്റ്റേഷനുകളുടെ പേരുകളുള്ള സൈൻ‌ബോർ‌ഡുകൾ.‌ ഇതില്‍ നിന്നും ഉറുദു ഒഴിവാക്കി ഇനി മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലായിരിക്കും സൈന്‍ബോര്‍ഡുകളിലെ എഴുത്തുകള്‍. സ്റ്റേഷനുകളിലെ സൈന്‍ബോര്‍ഡുകളില്‍ റെയിൽവേ സ്റ്റേഷനുകളുടെ പേര് ഹിന്ദി, ഇംഗ്ലീഷ്, സംസ്ഥാനത്തിന്റെ രണ്ടാം ഭാഷ എന്നിവയിൽ എഴുതണമെന്ന് പറയുന്ന റെയിൽവേ ചട്ടത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

2010 ൽ ഉത്തരാഖണ്ഡ് സർക്കാർ സംസ്‌കൃതത്തെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തിരുന്നു. സംസ്കൃതത്തിന് ഈ ഭാഷാ പദവി നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് സംസ്‌കൃത ഭാഷയെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അന്നത്തെ മുഖ്യമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞിരുന്നു. 2019 ല്‍ ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡിന്റെ പാത പിന്തുടര്‍ന്ന് സംസ്കൃതത്തെ രണ്ടാം ഭാഷയായി പ്രഖ്യാപിച്ചിരുന്നു. മൊറാദാബാദ് റെയിൽവേ ഡിവിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

“റെയിൽ‌വേ ചട്ട‌ പ്രകാരം, സ്റ്റേഷനുകളുടെ പേരുകൾ‌ ഹിന്ദി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ സംസ്ഥാനത്തിന്റെ രണ്ടാം ഭാഷയിലും സൈൻ‌ബോർ‌ഡുകളിൽ‌ എഴുതണം.” - നോർത്തേൺ റെയിൽ‌വേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. എന്നാല്‍ ഈ മാറ്റം തീരുമാനിക്കാൻ റെയിൽ‌വേയ്‌ക്ക് ഒരു ദശകമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കുമാർ പറഞ്ഞത് ഇങ്ങനെ; “നേരത്തെ ഉത്തർഖണ്ഡ് യു.പിയുടെ ഭാഗമായിരുന്നതിനാൽ ഉറുദു രണ്ടാം ഭാഷയായിരുന്നു. ഇക്കാര്യം ചിലര്‍ ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് ഞങ്ങൾ ഇപ്പോൾ ഈ മാറ്റം വരുത്തുന്നത്.” ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഭാഷ സംസ്‌കൃതമാണെന്ന് അടുത്തിടെ ചൂണ്ടിക്കാണിക്കപ്പെട്ടതായി സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (ഡി.സി.എം) രേഖ ശർമ്മ പറഞ്ഞു.