LiveTV

Live

National

കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും സി.എ.എക്കെതിരായ പ്രമേയത്തിന്

സി‌.എ‌.എ ഭരണഘടനാവിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ കപിൽ സിബൽ, സി‌.എ‌.എ പിൻ‌വലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനും ഓരോ സംസ്ഥാന നിയമസഭയ്ക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പറഞ്ഞു.  

കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും സി.എ.എക്കെതിരായ പ്രമേയത്തിന്

കേരളത്തിനും പഞ്ചാബിനും ശേഷം മഹാരാഷ്ട്ര നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. “ഞങ്ങളുടെ മുതിർന്ന പാർട്ടി നേതാവ് ബാലസാഹേബ് തൊറാത്തും സി‌.എ‌.എയെക്കുറിച്ചുള്ള തന്റെ നിലപാട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പോലും തങ്ങൾ സി.‌എ‌.എക്ക് എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. സി‌.എ‌.എയ്‌ക്കെതിരായ പ്രമേയത്തെ സംബന്ധിച്ചിടത്തോളം, മഹാസഖ്യത്തിലെ മുതിർന്ന നേതാക്കൾ ഒരുമിച്ച് ഇരുന്നു ചര്‍ച്ച ചെയ്ത് തീരുമാനിക്കും.'' - കോൺഗ്രസ് വക്താവ് രാജു വാഗ്മറെ പറഞ്ഞു.

അങ്ങനെയാണെങ്കിൽ, സി.എ.എയ്‌ക്കെതിരായ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും മഹാരാഷ്ട്ര. 2014 ഡിസംബർ 31 ന് മുമ്പായി ഇന്ത്യയിലെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‍ലിം അഭയാർഥികൾക്ക് പൗരത്വം നൽകുന്നതാണ് ഈ നിയമം. സി‌.എ‌.എ ഭരണഘടനാവിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ, സി‌.എ‌.എ പിൻ‌വലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനും ഓരോ സംസ്ഥാന നിയമസഭയ്ക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പറഞ്ഞു. നിയമം ഭരണഘടനാപരമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചാൽ പിന്നെ സി.‌എ‌.എയെ എതിർക്കുന്നത് പ്രശ്നമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സി‌.എ‌.എ ഭരണഘടനാവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനെതിരെ പ്രമേയം പാസാക്കാനും സി.എ.എ പിന്‍വലിക്കാന്‍ ആവശ്യപ്പെടാനുമുള്ള ഭരണഘടനാപരമായ അവകാശം എല്ലാ സംസ്ഥാന നിയമസഭകള്‍ക്കുമുണ്ട്. നിയമം ഭരണഘടനാപരമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിക്കുകയാണെങ്കിൽ പിന്നെ അതിനെ എതിർക്കുന്നത് പ്രശ്നമായിരിക്കും. പോരാട്ടം തുടരുക തന്നെ വേണം! " കപില്‍ സിബൽ ട്വീറ്റ് ചെയ്തു. സി‌.എ‌.എയ്‌ക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള സർക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.