LiveTV

Live

National

ഹുബ്ലിയില്‍ അമിത് ഷാക്ക് നേരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസ് കസ്റ്റഡിയിലായത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ കറുത്ത ബലൂണുകള്‍ പറത്തി.  

 ഹുബ്ലിയില്‍ അമിത് ഷാക്ക് നേരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

കര്‍ണാടകയിലെ ഹുബ്ലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കെതിരെ വന്‍ പ്രതിഷേധം. അമിത് ഷായുടെ ഹുബ്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രംഗത്തുവന്ന ഒരു സംഘം പ്രതിഷേധക്കാര്‍ “ഗോ ബാക്ക് അമിത് ഷാ” മുദ്രാവാക്യങ്ങൾ മുഴക്കുകയും കറുത്ത ബലൂണുകള്‍ വായുവില്‍ പറത്തുകയും ചെയ്തു.

പൊലീസ് അനുമതി നിഷേധിച്ചിട്ടും സവിദാന്‍ സംരക്ഷണ സമിതി (ഭരണഘടന സംരക്ഷണ സമിതി) യിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാർ കോടതി സർക്കിളിൽ അമിത് ഷായ്ക്കും എൻ.‌ആർ.‌സി, സി.‌എ‌.എ എന്നിവയ്‌ക്കെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ചു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസ് കസ്റ്റഡിയിലായത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ കറുത്ത ബലൂണുകള്‍ പറത്തി. ഏതാനും പരിപാടികളിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലെത്തിയ അമിത് ഷാ, ഇന്ന് വൈകുന്നേരം ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനായി ഹുബ്ലിയിലേക്ക് പോകാനിരിക്കെയാണ് പ്രതിഷേധം കനക്കുന്നത്.