LiveTV

Live

National

എ.എ.പി സീറ്റ് നല്‍കിയില്ല; മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുൻ കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് എംപി മഹാബൽ മിശ്രയുടെ മകനുമായ വിനയ് കുമാർ മിശ്രയ്ക്ക് ദ്വാരക സീറ്റിൽ നിന്ന് മത്സരിക്കാൻ എ.എ.പി ഇത്തവണ അവസരം നൽകിയതിന് പിന്നാലെയാണ് ആദര്‍ശ് പാര്‍ട്ടി വിട്ടത്. 

എ.എ.പി സീറ്റ് നല്‍കിയില്ല; മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയിൽ നിന്ന് ആം ആദ്മി പാർട്ടി (എ.എ.പി) ഒഴിവാക്കിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരകയില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എയുമായ ആദർശ് ശാസ്ത്രി കോൺഗ്രസിൽ ചേർന്നു. ഡല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി തലവന്‍ സുഭാഷ് ചോപ്ര, മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിലാണ് ആദർശ് ശാസ്ത്രി കോൺഗ്രസിൽ ചേർന്നത്. 2015 ൽ 59.08 ശതമാനം വോട്ടുകൾ നേടി ആദർശ് ശാസ്ത്രി ദ്വാരക സീറ്റില്‍ വിജയിച്ചിരുന്നു.

മുൻ കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് എം.പി മഹാബൽ മിശ്രയുടെ മകനുമായ വിനയ് കുമാർ മിശ്രയ്ക്ക് ദ്വാരക സീറ്റിൽ നിന്ന് മത്സരിക്കാൻ എ.എ.പി ഇത്തവണ അവസരം നൽകിയതിന് പിന്നാലെയാണ് ആദര്‍ശ് പാര്‍ട്ടി വിട്ടത്. തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്ന വിനയ് മിശ്രക്ക് ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് എ.എ.പി ടിക്കറ്റ് നല്‍കുകയായിരുന്നു. പാർട്ടിക്ക് വേണ്ടി പ്രചരണം തുടരണമെന്ന് തന്നോട് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വന്ന ഈ പട്ടിക ആശ്ചര്യമുളവാക്കിയെന്ന് ആദർശ് ശാസ്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

താൻ വീണ്ടും മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പട്ടിക ഞെട്ടലുണ്ടാക്കിയെന്നും ആദര്‍ശ് പറഞ്ഞു. പാര്‍ട്ടിയിലെ തന്നെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കിലും പോലും തനിക്ക് ഈ അതൃപ്തിയുണ്ടാകുമായിരുന്നില്ലെന്നും പുറത്തുനിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലാണ് അത്ഭുമെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. എ.എ.പി 70 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടില്ല.