LiveTV

Live

National

സോണിയ ഗാന്ധിയെ പോലെ കുറ്റവാളികളോട് നിങ്ങളും ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് ഇന്ദിര ജയ്സിങ്

സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരുക, കുറ്റവാളികളോട് ക്ഷമിക്കുക” എന്ന ഇന്ദിരയുടെ പ്രസ്താവനയോട് ആശാ ദേവി രൂക്ഷമായാണ് പ്രതികരിച്ചത്

സോണിയ ഗാന്ധിയെ പോലെ കുറ്റവാളികളോട് നിങ്ങളും ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് ഇന്ദിര ജയ്സിങ്

രാജ്യമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയതി ഡല്‍ഹി കോടതി വീണ്ടും നീട്ടിയതില്‍ കടുത്ത നിരാശയുണ്ടെന്ന നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സോണിയ ഗാന്ധിയെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ട് ഇന്ദിര ജയ്സിങ് രംഗത്തുവന്നത്.

"ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി തിരിച്ചറിയുന്നതോടൊപ്പം തന്നെ, നളിനിയോട് ക്ഷമിച്ച സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാൻ ഞാൻ അവരോട് അഭ്യർഥിക്കുന്നു. നളിനിക്ക് വധശിക്ഷ വേണ്ടെന്നായിരുന്നു സോണിയയുടെ പക്ഷം. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, പക്ഷേ വധശിക്ഷയ്ക്കെതിരാണ്," ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. 1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ അറസ്റ്റിലായ നളിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. “സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരുക, കുറ്റവാളികളോട് ക്ഷമിക്കുക” എന്ന ഇന്ദിരയുടെ പ്രസ്താവനയോട് ആശാ ദേവി രൂക്ഷമായാണ് പ്രതികരിച്ചത്. ''എനിക്ക് അത്തരമൊരു നിർദ്ദേശം നൽകാൻ ഇന്ദിര ജയ്സിങ് ആരാണ്? ഈ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഇന്ദിരയെ പോലെയുള്ളവര്‍ കാരണം ബലാത്സംഗത്തിനിരയായവർക്ക് നീതി ലഭിക്കുന്നില്ല,” ആശാ ദേവി പറഞ്ഞു.

ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് രാലിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റുമെന്ന് കാണിച്ചാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ‌