LiveTV

Live

National

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മനോജ് ഷാ, പ്രദീപ് കുമാർ എന്നീ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ കർക്കാർദുമ കോടതി ഇന്ന് വിധിച്ചിരുന്നു

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാളായ മനോജ് ഷാ കോടതിമുറിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വിചാരണക്ക് ശേഷം കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന മനോജ്, പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മനോജ് ഷാ, പ്രദീപ് കുമാർ എന്നീ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ കർക്കാർദുമ കോടതി ഇന്ന് വിധിച്ചിരുന്നു. കേസിൽ മനോജ് ഷായും പ്രദീപ് കുമാറും കുറ്റക്കാരാണെന്ന് വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജി നരേഷ് കുമാർ മൽഹോത്ര, വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് ക്രൂരതയുടെ അങ്ങേയറ്റമാണ് നേരിടേണ്ടി വന്നതെന്നും പറഞ്ഞു.

"സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. നമ്മുടെ സമൂഹത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദേവതയായാണ് ആരാധിക്കുന്നത്. വെറും 5 വയസുള്ള കുട്ടിക്ക് നേരിടേണ്ടി വന്നത് ‌ക്രൂരതയുടെ എല്ലാ സീമുകളും ഭേദിക്കപ്പെട്ട വേദനയായിരുന്നു." കോടതി പറഞ്ഞു. 2013 ഏപ്രിലിൽ ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ നിന്നാണ് മനോജും പ്രദീപും ചേര്‍ന്ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെണ്‍കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് പ്രതികള്‍ മുറിവുണ്ടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടി മരിച്ചെന്ന് കരുതി മനോജിന്റെ മുറിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപെട്ടു. 40 മണിക്കൂര്‍ അവശനിലയില്‍ മുറിയില്‍ കഴിഞ്ഞ കുട്ടിയെ ഏപ്രില്‍ 17 നാണ് രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ഇതിന് പിന്നാലെ മനോജിനെയും പ്രദീപിനെയും ബീഹാറിലെ മുസാഫർപൂർ, ദർഭംഗ എന്നിവിടങ്ങളിൽ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ പ്രദീപ് അറസ്റ്റിലായ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 2018 ൽ ഹൈക്കോടതി ഈ വാദം തള്ളുകയും പ്രദീപിനെ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് അയക്കുകയും ചെയ്തിരുന്നു.