LiveTV

Live

National

യെദ്യുരപ്പയും വചാനന്ദ സ്വാമിയും തമ്മിൽ വേദിയിൽ വാക്‌പോര്

ചൊവ്വാഴ്ച ഹവേരിയിൽ ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം.

യെദ്യുരപ്പയും വചാനന്ദ സ്വാമിയും തമ്മിൽ വേദിയിൽ വാക്‌പോര്

ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പയും ലിംഗായത്ത് സന്ന്യാസിയും തമ്മിൽ പരസ്യമായി വാക്‌പോര്. ചൊവ്വാഴ്ച ഹവേരിയിൽ ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. തന്റെ പ്രസംഗത്തിനിടെ പഞ്ചമസാലി മഠാധിപതി വചാനന്ദ സ്വാമി, പഞ്ചമശാലി ലിംഗായത്ത് സമുദായാംഗം മുരുകേഷ് നിരാനിക്ക് മന്ത്രിപദവി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സംഭവ വികാസങ്ങൾ.

തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ യെദ്യൂരപ്പക്ക് ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ഉണ്ടാവില്ലെന്ന് വാചനന്ദ സ്വാമി. ഇതോടെ അസ്വസ്ഥനായ യെദ്യൂരപ്പക്ക് സ്വാമിക്ക് മറുപടി നൽകുകയായിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി 17 എം.എൽ.എമാർ രാജിവെച്ചു വന്നവരാണെന്നും അവരുടെ ത്യാഗവും പഞ്ചമശാലി മഠത്തിന്റെ അനുഗ്രഹവും കൊണ്ടാണ് താൻ മുഖ്യമന്ത്രിയായതെന്നും യെദ്യൂരപ്പ പറഞ്ഞു.

'മൂന്നു വർഷം ഞാൻ ഭരിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്ക് നിർദേശിക്കാം. പക്ഷേ, എന്റെ അഭ്യർത്ഥന അങ്ങ് സ്വീകരിക്കുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽപോകാൻ ഞാൻ തയ്യാറാണ്.' - യെദ്യൂരപ്പ പറഞ്ഞു.

പഞ്ചമശാലി ലിംഗായത്ത് കർണാടകയിലെ പ്രബല സമുദായമാണ്. പ്രധാനമായും ഇവർ ബി.ജെ.പിയെ ആണ് പിന്തുണക്കുന്നത്.