LiveTV

Live

National

നോട്ടില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ആലേഖനം ചെയ്യൂ... രൂപയുടെ ‘മൂല്യം’ മെച്ചപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ഇന്തോനേഷ്യൻ കറൻസിയിൽ അച്ചടിച്ച ഗണപതിയുടെ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം പറഞ്ഞത്. 

നോട്ടില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ആലേഖനം ചെയ്യൂ... രൂപയുടെ ‘മൂല്യം’ മെച്ചപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ഇന്ത്യൻ കറൻസിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ പുതിയൊരു ആശയം മുന്നോട്ട് വെച്ച് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. രൂപയുടെ മൂല്യം മെച്ചപ്പെടുത്താന്‍ കറന്‍സികളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ആലേഖനം ചെയ്യുന്നതിനെ അനുകൂലിക്കുന്നതായി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ ഒരു പ്രഭാഷണ പരമ്പരയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യൻ കറൻസിയിൽ അച്ചടിച്ച ഗണപതിയുടെ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം പറഞ്ഞത്. "ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും. ഞാന്‍ ഇതിന് അനുകൂലമാണ്. ഗണപതി തടസങ്ങൾ നീക്കുന്നു. അതുപോലെ ലക്ഷ്മി ദേവിയുടെ ചിത്രം നോട്ടുകളിൽ ആലേഖനം ചെയ്താല്‍ ഇന്ത്യൻ കറൻസിയുടെ അവസ്ഥ മെച്ചപ്പെടാം. ഇതിനെക്കുറിച്ച് ആരും മോശമായി ചിന്തിക്കരുത്. '' സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ തനിക്ക് എതിർപ്പൊന്നുമില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.

കോൺഗ്രസും മഹാത്മാ ഗാന്ധിയും സി.‌എ‌.എയെ അനുകൂലിച്ചിരുന്നു. 2003 ൽ മൻ‌മോഹൻ സിങ്ങും പാർലമെന്റിൽ ഇതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ ഞങ്ങൾ അത് ചെയ്തു. പാകിസ്താനിലെ മുസ്‌ലിംകളോട് ഞങ്ങൾ അനീതി ചെയ്തുവെന്ന് പറഞ്ഞാണ് അവർ ഇപ്പോൾ എതിര്‍ക്കുന്നത്. എന്ത് അനീതിയാണ് ചെയ്തത്? പാകിസ്താനിലെ മുസ്‌ലിംകൾക്ക് ഇവിടേക്ക് വരാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് അവരെ നിർബന്ധിക്കാന്‍ കഴിയില്ല, ”സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. മുസ്‍ലിംകളുടെയും ഹിന്ദുക്കളുടെയും ഡി.എൻ‌.എ ബ്രാഹ്മണരുടേതിനും ദലിതരുടേതിനും സമാനമാണെന്ന് നേരത്തെ പ്രഭാഷണത്തിനിടെ സ്വാമി പറഞ്ഞിരുന്നു. വർധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച സ്വാമി, 2025 ഓടെ ചൈനയെ പിന്നിലാക്കി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും പറഞ്ഞു.