LiveTV

Live

National

ചന്ദ്രശേഖര്‍ ആസാദിനെ രവീന്ദ്രനാഥ് ടാഗോറിനോടുപമിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി

‘’സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും ഉറപ്പു നല്‍കുന്നതാണ്. അതു വെട്ടിക്കുറയ്ക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ല’’

ചന്ദ്രശേഖര്‍ ആസാദിനെ രവീന്ദ്രനാഥ് ടാഗോറിനോടുപമിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി

രവീന്ദ്രനാഥ് ടാഗോറിനെ സ്മരിച്ചുകൊണ്ടാണ് ഡല്‍ഹി കോടതി ജഡ്ജി കാമിനി ലാവു ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമനുവദിച്ചത്. ‘’നാം ഏവരും ബഹുമാനിക്കുന്ന കവിയും ദേശസ്നേഹിയുമായ രവീന്ദ്രനാഥ് ടാഗോറിനെ സ്മരിക്കേണ്ട സമയമാണിതൊന്ന് എനിക്കു തോന്നുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പ്രയോഗിച്ചപ്പോള്‍ മനസ്സില്‍ ഭയമില്ലാത്ത വിദ്യാഭ്യാസമുള്ളൊരു ജനതയെ അദ്ദേഹം മനസില്‍ കണ്ടു. സത്യസന്ധരും ചിന്താശേഷിയുള്ളതുമായ ഒരു ജനത തന്‍റെ രാജ്യത്തിനുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

സമാധനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും ഉറപ്പു നല്‍കുന്നതാണ് അതു വെട്ടിക്കുറയ്ക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ല. എന്തായിരുന്നാലും അതോടൊപ്പം തന്നെ മറ്റൊരാളുടെ അവകാശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും നാമോരോരുത്തരുടെയും കടമയാണ്.
കാമിനി ലാവു, ഡല്‍ഹി കോടതി ജഡ്ജി

ചന്ദ്രശേഖര്‍ ആസാദ് ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തിയതായോ തീവ്രമായ വികാരമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനോ തെളിവുകളില്ല. അദ്ദേഹം വായിച്ച ഒരേയൊരു വാചകം ഭരണഘടനയുടെ ആദ്യവാചകം മാത്രമാണ്. അതൊരു ശ്രേഷ്ഠമായ രേഖയാണ്’. കാമിനി ലാവു പറഞ്ഞു.

ചന്ദ്രശേഖർ ആസാദിനെതിരായ ആരോപണത്തിന്‍റെ തെളിവുകൾ ഹാജരാക്കാത്തതിനാല്‍ ചൊവ്വാഴ്ച ജഡ്ജി പോലീസിനെ ശാസിച്ചിരുന്നു. ആസാദ് അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് വാദിക്കാൻ പ്രോസിക്യൂട്ടർ അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരാമർശിക്കുകയും ജമാ മസ്ജിദിലെ ധർണയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് വായിക്കുകയും ചെയ്തപ്പോൾ ജഡ്ജി ദേഷ്യപ്പെട്ടു. ‘ജമാ മസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്. പാകിസ്ഥാനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താൻ’. ജഡ്ജി ഓര്‍മ്മിപ്പിച്ചു.

ബുധനാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതി ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമനുവദിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ വാദം കേട്ട ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.