LiveTV

Live

National

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ജാമ്യാപേക്ഷ പരിഗണിക്കവെ ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്.

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചു. ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ജാമ്യാപേക്ഷ പരിഗണിക്കവെ ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ വാദം കേട്ട ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ഇങ്ങനെ- 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു മാസം ആസാദ് ഡല്‍ഹിയില്‍ തങ്ങരുത്, പൌരത്വ വിരുദ്ധ സമരം നടക്കുന്ന ഷാഹിന്‍ ബാഗ് സന്ദര്‍ശിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ആഴ്ചയില്‍ ഒരു ദിവസം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണം എന്നിവയാണവ. ഡല്‍ഹിയില്‍ ആരെയെങ്കിലും കാണണമെങ്കില്‍ നാളെ അതിനായി വിനിയോഗിക്കാം. പൊലീസ് അതിനായി സുരക്ഷ ഒരുക്കണം. പിന്നീട് സഹാറന്‍പൂറിലെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം ഉപാധികളില്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 21ന് ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം നയിച്ചതിന് പിന്നാലെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്‍റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് തീസ് ഹസാരി കോടതി ഉന്നയിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന വായിച്ചിട്ടില്ലേയെന്നും ഡല്‍ഹി പൊലീസിനോട് കോടതി ഇന്നലെ ആരാഞ്ഞു.