LiveTV

Live

National

‘’ആരെങ്കിലും വിമർശിച്ചു എന്ന് കരുതി വി.സി യെ മാറ്റില്ല, നന്നായി ജോലി ചെയ്യുന്ന ആളെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നത് ശരിയല്ല’’

ജെ.എൻ.യു അക്രമസംഭവങ്ങളില്‍ വി.സിയെ പിന്തുണച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ

‘’ആരെങ്കിലും വിമർശിച്ചു എന്ന് കരുതി വി.സി യെ മാറ്റില്ല, നന്നായി ജോലി ചെയ്യുന്ന ആളെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നത് ശരിയല്ല’’

ജെ.എൻ.യു അക്രമസംഭവങ്ങളില്‍ ‍വൈസ്ചാൻസിലർ ജഗദീഷ് കുമാറിനെയും ഡൽഹി പോലീസിനെയും പിന്തുണച്ച് മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ. ആരെങ്കിലും വിമർശിച്ചു എന്ന് കരുതി വി.സി യെ മാറ്റില്ലെന്ന് പൊക്രിയാൽ പറഞ്ഞു. ജനുവരി അഞ്ചിന് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അക്രമത്തിന്റെ ദ്യശ്യങ്ങൾ സൂക്ഷിക്കാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ഡൽഹി ഹെക്കോടതി നിർദേശം നൽകി. ജാമിഅ മിലിയ സർവകലാശാലയിലെ പോലീസ് നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ തെളിവെടുപ്പ് നടത്തി.

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസിലർ ജഗദീഷ് കുമാർ നന്നായി ജോലി ചെയ്യുന്ന ആളാണ്. നന്നായി ജോലി ചെയ്യുന്ന ആളുകളെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നത് ശരിയല്ലെന്നുമാണ് മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ വ്യക്തമാക്കുന്നത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫീസ് വർധനവിന്റെ പേരിലല്ല മറിച്ച് വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാനാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ജെ.എൻ.യുവിൽ ശ്രമിക്കുന്നത്. സർവകലാശാലയിൽ നടന്ന അക്രമ സംഭവങ്ങൾ സംബന്ധിച്ച് ഡൽഹി പോലീസ് പറയുന്നത് തന്നെയാണ് മാനവ വിഭവ ശേഷി മന്ത്രിയും ആവർത്തിക്കുന്നത്. മുഖം മൂടി ധരിച്ചു വന്ന ആളുകൾ സർവകലാശാല സെർവർ റൂം അടിച്ചു തകർത്തു. അവർ തന്നെയാണ് ജനുവരി അഞ്ചിന് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിസംബർ പതിനഞ്ചിനു ജാമിയ മിലിയ സർവകലാശാലക്കകത്ത് കയറി ഡൽഹി പോലീസ് അതിക്രമം കാണിച്ചത് പരിശോധിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർവകലാശാലയിൽ എത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരോട് അംഗങ്ങൾ തെളിവ് ശേഖരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് വാട്സ്ആപ്പിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദേശം നൽകി.

ഡൽഹി പൊലീസ് ആവശ്യപ്പെട്ട ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് കൈമാറാൻ ജെ.എന്‍.യു രജിസ്ട്രാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിവര സംരക്ഷണത്തിനായി യുണൈറ്റഡ് എഗൈൻസ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെയും ഫ്രന്റ്സ് ഓഫ് ആർ.എസ്എ.സ് ഗ്രൂപ്പിലെയും തിരിച്ചറിഞ്ഞവരുടെ പേരുടെ ഫോണുകൾ കണ്ടുകെട്ടാനും നിർദ്ദേശം നൽകി.