LiveTV

Live

National

‘തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കാന്‍ 12 ലക്ഷം രൂപ വാങ്ങിയെന്ന് ദേവിന്ദര്‍ സിങ് സമ്മതിച്ചു’

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ അവാർഡുകളും തിരിച്ചെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കാന്‍ 12 ലക്ഷം രൂപ വാങ്ങിയെന്ന് ദേവിന്ദര്‍ സിങ് സമ്മതിച്ചു’

ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡി.വൈ.എസ്.പി ദേവിന്ദർ സിങിനെ ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഐ.ജി വിജയ് കുമാര്‍. ഹിസ്ബുല്‍ ഭീകരരില്‍ നിന്ന് ദേവിന്ദര്‍ സിങ് 12 ലക്ഷം രൂപ കൈപ്പറ്റിയതായി സമ്മതിച്ചെന്നും വിജയ് കുമാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജമ്മുവിലേക്കും പിന്നീട് ചണ്ഡീഗഡിലേക്കും ഇതിന് ശേഷം ന്യൂഡല്‍ഹിയില്‍ എത്തിക്കാനും വേണ്ടിയാണ് ഭീകരര്‍ 12 ലക്ഷം രൂപ ദേവിന്ദര്‍ സിങിന് നല്‍കിയത്. കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് കാർ മാർഗം വരുമ്പോഴാണ് ജമ്മു കശ്മീർ പൊലീസിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവിന്ദർ സിങിനെയും രണ്ടു ഹിസ്ബുല്‍ ഭീകരരെയും അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതിനെ തുടര്‍ന്ന് ഡി‌.എസ്‌.പിയെ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ അവാർഡുകളും തിരിച്ചെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന് പുറമെ ഐ.ബി, മിലിട്ടറി ഇന്റലിജൻസ്, റോ എന്നിവയുൾപ്പെടെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ദേവിന്ദറിനെ ചോദ്യം ചെയ്യുന്നുണ്ട്. ശ്രീനഗറിലെ തന്റെ ഇന്ദിര നഗർ വസതിയില്‍, തീവ്രവാദികള്‍ക്ക് താമസം ഒരുക്കിയിരുന്നതായും ചോദ്യം ചെയ്യലില്‍ ദേവിന്ദര്‍ വെളിപ്പെടുത്തി. കരസേനയുടെ 15 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്തായിരുന്നു ദേവിന്ദറിന്റെ ഈ വസതി. ഇതിന് ശേഷമാണ് ഹിസ്ബുല്‍ സഹായി ഓടിച്ച മാരുതി കാറിൽ തീവ്രവാദികള്‍ക്കൊപ്പം ജമ്മുവിലേക്ക് പുറപ്പെട്ടതെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതേസമയം, തീവ്രവാദികളുടെ യഥാർഥ ഉദ്ദേശ്യം, ദേവിന്ദറിന്റെ തീവ്രവാദ ബന്ധം, മുമ്പും തീവ്രവാദികളെ സഹായിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻ.ഐ.എയ്ക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാരിന്റെ ക്ഷണപ്രകാരം ശ്രീനഗർ സന്ദർശിച്ച 15 രാജ്യങ്ങളുടെ പ്രതിനിധികളുടെ സുരക്ഷാ ചുമതല ദേവിന്ദറിനായിരുന്നു.