LiveTV

Live

National

ജമാ മസ്ജിദ് പാകിസ്താനിലാണോ, പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഡല്‍ഹി കോടതി

ആസാദ് മറ്റു നിരവധി കേസുകളില്‍ കുറ്റാരോപിതനാണെന്നും ആ കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ പ്രധാന വാദം. 

ജമാ മസ്ജിദ് പാകിസ്താനിലാണോ, പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി തീസ് ഹസാരി കോടതി. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജമാമസ്ജിദ് പാകിസ്താനിലെന്ന പോലെയാണ് ഡല്‍ഹി പൊലീസ് പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി വിമര്‍ശനം. ജാമ്യ ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹരജിയെ എതിര്‍ത്ത ‌ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ ഇങ്ങനെ. ജമാ മസ്ജിദില്‍ പോയാണ് ആസാദ് ധര്‍ണ നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രസംഗങ്ങളും പ്രകോപനപരമാണ്. ആസാദ് മറ്റ് നിരവധി കേസുകളില്‍ പ്രതിയാണ്. അതിനാല്‍ ജാമ്യം നല്‍കരുത്. എന്നാല്‍ ഡല്‍ഹി പൊലീസിനെ‌തിരെ അതിരൂക്ഷ വിമര്‍ശമാണ് ഡൽഹി തീസ് ഹസാരി കോടതി നടത്തിയത്. ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന വായിച്ചിട്ടില്ലേയെന്നും ഡല്‍ഹി പൊലീസിനോട് കോടതി ആരാഞ്ഞു.

സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ നിയമരഹിതമായി എന്താണുള്ളതെന്നും കോടതി വിമര്‍ശിച്ചു. പ്രതിഷേധിക്കാന്‍ അനുമതി വേണമെന്ന് പറഞ്ഞ പ്രോസിക്യൂട്ടറോട് എന്ത് അനുമതിയെന്ന് കോടതി തിരിച്ചുചോദിച്ചു. ‌നിരോധനാജ്ഞ അടിക്കടി പ്രഖ്യാപിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന സുപ്രിംകോടതി ഉത്തരവും ജഡ്ജി കാമിനി ലാവു ചൂണ്ടിക്കാണിച്ചു. ‌‌ആസാദിനെതിരെ നിലവിലുള്ള കേസുകള്‍ ഏതൊക്കെയാണെന്ന് അറിയില്ലെന്ന പ്രോസിക്യൂട്ടറുടെ മറുപടിയില്‍ അദ്ഭുതം കൂറിയ കോടതി മുഴുവന്‍ എഫ്.ഐ.ആറുകളും നാളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ആസാദിന്റെ ജാമ്യ ഹരജി സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും.